ആവേശം കൈവിട്ട് വിപണി; ചെമ്പിനൊപ്പം കുതിച്ച് ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഐ.ആര്‍.ഇ.ഡി.എ മുന്നോട്ട്

ഇന്ത്യന്‍ വിപണി കഴിഞ്ഞ ദിവസത്തെ നേട്ടം തുടരാനുള്ള ആവേശം ഇന്നു രാവിലെ തുടക്കത്തില്‍ കാണിച്ചെങ്കിലും പിന്നീട് കുറഞ്ഞു. 73,728 വരെ ഉയര്‍ന്ന സെന്‍സെക്‌സ് പിന്നീട് 73,250ന് താഴെയായി. 22,337 വരെ കയറിയ നിഫ്റ്റി പിന്നീട് 22,200നടുത്തായി.

പൊതുമേഖലാ ബാങ്കുകളും റിയല്‍റ്റിയും കണ്‍സ്യൂമര്‍ ഡ്യുറബിള്‍സും ഇന്നു നല്ല മുന്നേറ്റത്തിലാണ്. ഐ.ടി ചെറിയ ഉയര്‍ച്ചയില്‍ ഒതുങ്ങി.
ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡിന്റെ (ജി.എസ്.പി.എല്‍) പൈപ്പ്‌ലൈനില്‍ കൂടി പ്രകൃതിവാതകം കൊണ്ടുപോകുന്നതിനുള്ള നിരക്ക് യൂണിറ്റിന് 32ല്‍ നിന്നു 18 രൂപയായി കുറച്ചു. 52 രൂപ ആക്കണമെന്നു കമ്പനി ആവശ്യപ്പെട്ടതു പെട്രോളിയം പ്രകൃതിവാതക റെഗുലേറ്ററി
അതോറിറ്റി
തള്ളി. പുതിയ നിരക്കില്‍ കമ്പനിയുടെ ലാഭമാര്‍ജിന്‍ കുത്തനേ താഴും. ഇതോടെ ഓഹരി വില്‍ക്കാന്‍ നൊമുറ ശിപാര്‍ശ ചെയ്തു. ഓഹരിവില 20 ശതമാനം ഇടിഞ്ഞു 302 രൂപയായി. വരും ദിവസങ്ങളിലും വില താഴും.
പ്രകൃതിവാതകത്തിനുള്ള പുതിയ താരിഫ് വ്യവസ്ഥ ഗെയിലിനു നേട്ടമൊന്നും ഉണ്ടാക്കുന്നില്ല. ഗെയില്‍ ഓഹരി രണ്ടു ശതമാനത്തിലധികം താഴ്ന്നു.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

ലോകവിപണിയില്‍ ചെമ്പിനു വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ഓഹരി ഏഴു ശതമാനം ഉയര്‍ന്നു.
ഇന്ത്യാ സിമന്റ്‌സിന്റെ ഒരു ഗ്രൈന്‍ഡിംഗ് യൂണിറ്റ് വാങ്ങിയ അള്‍ട്രാടെക് ഓഹരി രണ്ടു ശതമാനത്തിലധികം കയറി.
പലിശ മാര്‍ജിന്‍ മെച്ചപ്പെട്ടതു പരിഗണിച്ച് ഐ.ആര്‍.ഇ.ഡി.എ ഓഹരി എട്ടു ശതമാനം ഉയര്‍ന്നു.
രൂപയും ഡോളറും
രൂപ ഇന്നും ബലപ്പെട്ടു. ഡോളര്‍ ഏഴു പൈസ കുറഞ്ഞ് 83.40 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് ഡോളര്‍ 83.44 രൂപയിലേക്കു കയറി. രണ്ടു ദിവസം കൊണ്ടു ഡോളറിനു 14 പൈസ നഷ്ടമായി. വിദേശത്ത് ഡോളര്‍ സൂചിക രാവിലെ 105.98 വരെ താഴ്ന്നട്ട് 106.06ലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ 1.2 ശതമാനം താഴ്ന്നു 2,362 ഡോളര്‍ വരെ എത്തി. പിന്നീട് 2,370ലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 400 രൂപ കുറഞ്ഞ് 54,040 രൂപയായി.
വെള്ളിവില ലോക വിപണിയില്‍ രണ്ടര ശതമാനം ഇടിഞ്ഞു.
ക്രൂഡ് ഓയില്‍ വില സാവധാനം കുറഞ്ഞു വരികയാണ്. ബ്രെന്റ് ഇന്ന് 86.52 ഡോളര്‍ വരെ താഴ്ന്നു.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it