Begin typing your search above and press return to search.
ബജറ്റ് ടെന്‍ഷനില്‍ ചാഞ്ചാടി വിപണി: എം.ടി.എന്‍.എല്‍ ഓഹരികള്‍ 10 ശതമാനം കയറി
ബജറ്റിലേക്ക് അടുക്കുംതോറും വിപണിയില്‍ ടെന്‍ഷന്‍ വര്‍ധിക്കുന്നു. രാവിലെ നല്ല ഉയരത്തില്‍ വ്യാപാരം തുടങ്ങിയ സൂചികകള്‍ പിന്നീടു താഴോട്ടു നീങ്ങി. ഒടുവില്‍ ചാഞ്ചാട്ടത്തിലായി. ബാങ്ക്, ധനകാര്യ കമ്പനി ഓഹരികളാണു കൂടുതല്‍ താഴ്ന്നത്.
ഫെഡറല്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായി കെ.വി.എസ്. മണിയന്‍ നിയമിതനായത് ഓഹരിക്കു കുതിപ്പു നല്‍കി. കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ വരവ് ബാങ്കിന്റെ വളര്‍ച്ചയ്ക്ക് പുതിയ ആക്കം നല്‍കുമെന്നാണു വിലയിരുത്തല്‍. ബാങ്കിന്റെ ഓഹരി രാവിലെ അഞ്ചു ശതമാനത്തിലധികം കുതിച്ച് 203.44 രൂപ വരെ എത്തി. ലാഭമെടുക്കലുകാരുടെ വില്‍പനയെ തുടര്‍ന്നു പിന്നീടു വില 197 രൂപയിലേക്കു താഴ്ന്നു.
അറ്റാദായത്തില്‍ 200 ശതമാനം വര്‍ധനയുമായി സുസ്ലോണ്‍ എനര്‍ജി ഒന്നാം പാദ റിസല്‍ട്ട് പുറത്തുവിട്ടു. ഓഹരി അഞ്ചുശതമാനം ഉയര്‍ന്ന് 57.83 രൂപ വരെ എത്തി.
ഒരു മാസത്തിനുള്ളില്‍ വില ഇരട്ടിയോളമായ എംടിഎന്‍എല്‍ ഇന്ന് 10 ശതമാനത്തോളം കയറി. എംടിഎന്‍എലിന്റെ ബാധ്യതകള്‍ ഗവണ്മെന്റ് പരിഹരിക്കുമെന്ന സൂചനയാണു വില കയറ്റുന്നത്.
ഒന്നാം പാദ റിസല്‍ട്ട് പ്രതീക്ഷ പോലെ വരാത്ത സാഹചര്യത്തില്‍ എംആര്‍പിഎല്‍ ഓഹരി തുടക്കത്തില്‍ എട്ടു ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു.
രൂപ ഇന്നു തുടക്കത്തില്‍ അല്‍പം നേട്ടം ഉണ്ടാക്കി. ഡോളര്‍ രണ്ടു പൈസ താണ് 83.64 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.62 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ 2399 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 53,960 രൂപയായി.
ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 82.41 ഡോളറില്‍ എത്തി.
Next Story
Videos