അദാനി ഗ്രൂപ്പ് ഓഹരികള്‍ കയറ്റത്തില്‍ തന്നെ; അദാനി എന്റര്‍പ്രൈസസ് 17.5 ശതമാനം ഉയര്‍ന്നു
ഇന്ത്യൻ വിപണി മികച്ച തുടക്കമിട്ടു. ഐടി, മെറ്റൽ, ബാങ്ക് ഓഹരികൾ ഇന്നു നേട്ടം ഉണ്ടാക്കി. നിഫ്റ്റി 18,400 കടന്നപ്പോൾ സെൻസെക്സ് 62,200 നടുത്തായി. നിഫ്റ്റി ബാങ്ക് 44,000 കടന്നിട്ട് അൽപം താണു.
ധനലക്ഷ്മി ബാങ്കിന്റെ നാലാം പാദ ഫലങ്ങൾ മികച്ചതായി. അറ്റാദായം 63.3 ശതമാനം വർധിച്ച് 38.2 കോടി രൂപയായി. അറ്റ പലിശ വരുമാനം 19.5 ശതമാനം വർധിച്ച് 115.2 കോടി രൂപയിലെത്തി. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 5.83 ശതമാനത്തിൽ നിന്ന് 5.19 ശതമാനമായി കുറഞ്ഞു. നെറ്റ് എൻപിഎ 1.82 ൽ നിന്ന് 1.16 ശതമാനമായി കുറഞ്ഞു. ഓഹരി ആറു ശതമാനം വരെ കയറി.
റിഫൈനിംഗ് മാർജിൻ 21 ഡോളറായി ഉയർന്നത് ബിപിസിഎൽ ലാഭം പ്രതീക്ഷയിലധികം വർധിപ്പിച്ചു. ഓഹരി രണ്ടു ശതമാനം ഉയർന്നു.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നും കുതിച്ചു. എന്റർപ്രൈസസ് 17.5 ഉം വിൽമർ 10 ഉം ശതമാനം ഉയർന്നു. പോർട്സ് ഒൻപതു ശതമാനം കയറി. പവർ, ഗ്രീൻ, ടോട്ടൽ, ട്രാൻസ്മിഷൻ തുടങ്ങിയവ അഞ്ചു ശതമാനം ഉയർന്നു. മറ്റു ഗ്രൂപ്പ് ഓഹരികളും കയറി.
ഗ്ലാൻഡ് ഫാർമ ഓഹരി ഉയർന്നു
കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ ഗ്ലാൻഡ് ഫാർമ ഓഹരി ഇന്ന് 10 ശതമാനത്തോളം ഉയർന്നു. മോർഗൻ സ്റ്റാൻലി, ഗ്ലാൻഡിന്റെ 89 കോടി രൂപയ്ക്കുള്ള ഓഹരികൾ വിറ്റു. മോശം റിസൽട്ടിനെ തുടർന്നു ഫിനോലെക്സ് ഓഹരി നാലു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു മാറ്റമില്ലാതെ തുടങ്ങി. ഡോളർ 82.83 രൂപയിൽ വ്യാപാരം ആരംഭിച്ചു.സ്വർണം ലോകവിപണിയിൽ 1962 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 44,800 രൂപയായി.