ദിശാബോധം ഇല്ലാതെ വിപണിയുടെ കയറ്റിറക്കങ്ങള്‍
നേട്ടത്തോടെ തുടങ്ങി, സാവധാനം ഉയര്‍ന്നു, പിന്നീടു നേട്ടങ്ങള്‍ ഗണ്യമായി നഷ്ടമാക്കി. ഇന്നു രാവിലെ ഇന്ത്യന്‍ വിപണി വ്യക്തമായ ദിശാബോധം ഇല്ലാതെയാണു നീങ്ങിയത്.
ലാഭവര്‍ധനയുള്ള നാലാം പാദറിസല്‍ട്ട് പ്രസിദ്ധീകരിച്ച റിലയന്‍സ് ഓഹരി തുടക്കത്തില്‍ ഉയര്‍ന്നു. മികച്ച പലിശമാര്‍ജിന്‍ സഹിതം റിസല്‍ട്ട് പുറത്തിറക്കിയ ഐസിഐസിഐ ബാങ്ക് ഓഹരി നല്ല നേട്ടമുണ്ടാക്കി. ഓഹരി രണ്ടു ശതമാനം കയറി. ലാഭം കുറഞ്ഞ യെസ് ബാങ്ക് ഓഹരി മൂന്നു ശതമാനത്താേളം ഇടിഞ്ഞു.
ഐടി ഓഹരികള്‍ ഇന്നും താഴ്ചയിലായി
നിഫ്റ്റി ബാങ്ക് തുടക്കം മുതല്‍ നേട്ടത്തിലാണ്. ഐടി ഓഹരികള്‍ ഇന്നും താഴ്ചയിലായി. യുഎസില്‍ നാസ്ഡാക് ഫ്യൂച്ചേഴ്‌സ് താഴ്ന്നതും ഇതിനു കാരണമായി. എന്നാല്‍ വ്യാഴാഴ്ച റിസല്‍ട്ട് പ്രസിദ്ധീകരിക്കാനിരിക്കുന്ന വിപ്രോ ഓഹരി രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു. കമ്പനി ഓഹരി തിരിച്ചു വാങ്ങും എന്ന അറിയിപ്പാണ് കയറ്റത്തിനു കാരണം.
എച്ച്ഡിഎഫ്‌സി ലൈഫില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് 50 ശതമാനത്തിലധികം ഓഹരി ആകാമെന്നു റിസര്‍വ് ബാങ്ക് അനുവദിച്ചത് ഓഹരിവില ഏഴു ശതമാനം ഉയരാന്‍ സഹായിച്ചു.
തുകല്‍ പാദരക്ഷകള്‍ നിര്‍മിക്കുന്ന മിര്‍സാ ഇന്റര്‍നാഷണല്‍ ഓഹരി ഇന്നും 10 ശതമാനം ഉയര്‍ന്നു. രൂപ ഇന്നു ചെറിയ നേട്ടത്തിലാണ്. ഡോളര്‍ 82.09 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.05 വരെ താണു. ലോകവിപണിയില്‍ സ്വര്‍ണം 1980 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ പവന് 80 രൂപ കുറഞ്ഞ് 44,520 രൂപയായി.