വിപണി ചാഞ്ചാടുന്നു; റിലയൻസ് നഷ്ടത്തിൽ, ഇൻഫോസിസ് കയറുന്നു
ഇന്ത്യൻ വിപണി ചാഞ്ചാടുകയാണ്. നേരിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി കൂടുതൽ താഴ്ന്നിട്ടു തിരികെ കയറാൻ ശ്രമിച്ചു. വീണ്ടും താഴ്ന്നു. റിലയൻസ് ഓഹരി താഴ്ന്നപ്പോൾ കഴിഞ്ഞ ദിവസം ഇടിഞ്ഞ ഇൻഫോസിസ് ഇന്നു നേട്ടത്തിലായി. ബാങ്ക് നിഫ്റ്റി ചാഞ്ചാട്ടത്തിലാണ്. കൊട്ടക് മഹീന്ദ്രയും ഐസിഐസിഐ ബാങ്കും താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസ് മൂന്നു ശതമാനത്താേളം താണു. കമ്പനിയുടെ റിസൽട്ട് പ്രതീക്ഷയേക്കാൾ മോശമായെങ്കിലും ജെ പി മാേർഗൻ റിലയൻസ് ഓഹരിയുടെ ലക്ഷ്യവില 3400 രൂപയായി ഉയർത്തി. ഓവർവെയ്റ്റ് ഗണത്തിൽ പെടുത്തി. എന്നാൽ മറ്റു പല ബ്രോക്കറേജുകളും ലക്ഷ്യവില താഴ്ത്തി. കഴിഞ്ഞ ദിവസം ലണ്ടനിൽ റിലയൻസ് ജിഡിആർ ആറു ശതമാനം ഇടിഞ്ഞതാണ്.
ഇന്ന് ഒന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കുന്ന ടാറ്റാ സ്റ്റീൽ നഷ്ടം കാണിക്കുമെന്ന നിഗമനത്തിൽ ഓഹരിവില രാവിലെ ഒരു ശതമാനത്തിലധികം താണു. പിന്നീടു നഷ്ടം കുറച്ചു. യൂറാേപ്യൻ ബിസിനസിലെ നഷ്ടമാണു കമ്പനിയെ വലയ്ക്കുന്നത്. കഴിഞ്ഞ ദിവസം മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ച ജെഎസ്ഡബ്ള്യു സ്റ്റീലും ഇന്ന് ഒരു ശതമാനത്തിലധികം താഴ്ന്നു. കമ്പനിയുടെ ലാഭം 189 ശതമാനം വർധിച്ചിരുന്നു.
മറ്റു ചില റിസൽട്ടുകളും വിപണിയും
ഓപ്റ്റിക്കൽ- ഡാറ്റ നെറ്റ് വർക്കിംഗ് രംഗത്തു പ്രവർത്തിക്കുന്ന തേജസ് നെറ്റ് വർക്സിന്റെ ലാഭവും ലാഭമാർജിനും ഇടിഞ്ഞു. ഓഹരി ആറു ശതമാനം ഇടിഞ്ഞു.
ആരതി ഡ്രഗ്സ് പ്രവർത്തനലാഭം 25 ശതമാനം കൂടുകയും ലാഭമാർജിൻ രണ്ടു ശതമാനം വർധിക്കുകയും ചെയ്തു. ഓഹരി 12 ശതമാനം ഉയർന്നു.
റിസൽട്ട് പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് എംഫസിസ് ഓഹരി അഞ്ചു ശതമാനം താഴ്ചയിലായി. സിയന്റ് ലിമിറ്റഡും മൂന്നു ശതമാനത്തിലധികം താണു.
രൂപ, സ്വർണം, ഡോളർ
രൂപ ഇന്ന് അൽപം താണു. ഡോളർ ഏഴു പൈസ കയറി 82.01 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ 1959 ഡോളറിലേക്കു താണു. കേരളത്തിൽ പവനു വില മാറ്റമില്ലാതെ 44,120 രൂപയിൽ തുടരുന്നു