താഴ്ചയിൽ നിന്ന് നേട്ടത്തിലേക്ക് വിപണി

വിദേശ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങി. കൂടുതൽ താണു. എന്നാൽ പിന്നീടു മുഖ്യസൂചികകൾ ചെറിയ നേട്ടത്തിലായി.

രാവിലെ ബാങ്ക്, ഐടി, റിയൽറ്റി, മെറ്റൽ ഓഹരികൾ താഴ്ചയ്ക്കു മുന്നിൽ നിന്നു. പിന്നീടു ബാങ്ക്, ഐടി ഓഹരികൾ നേട്ടത്തിലേക്കു തിരിഞ്ഞു. വിശാല വിപണിയിൽ 1850 ലധികം ഓഹരികൾ ഉയരുമ്പോൾ 900 ഓഹരികൾ താഴുന്നതാണു നില.

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു ചെറിയ താഴ്ചയിലാണ്. ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം പ്രകടമാണ്. മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഉദ്ദേശിക്കുന്നു. ഇന്ന് 3.2 ശതമാനം ഓഹരി അവർ വിറ്റു. മഹീന്ദ്ര സിഐഇ ഓഹരി രാവിലെ 7.5 ശതമാനം ഉയർന്നു. ഈ ഓട്ടോ കംപോണന്റ് കമ്പനിയിലെ 6.25 ശതമാനം ഓഹരി മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ മാർച്ചിൽ വിറ്റിരുന്നു.

ഓഹരികൾ

ബയാേകോൺ നാലാം പാദ വരുമാനം 57 ശതമാനവും അറ്റാദായം 31 ശതമാനവും വർധിപ്പിച്ചു. ഓഹരി വില നാലു ശതമാനം കൂടി. അശോക് ലെയ്ലൻഡിന്റെ നാലാം പാദ വിറ്റുവരവ് 33 ശതമാനം വർധിച്ചു. അറ്റാദായം 17 ശതമാനം കുറഞ്ഞു. എന്നാൽ കമ്പനിയുടെ പ്രവർത്തനലാഭ മാർജിൻ പ്രതീക്ഷയിലും മെച്ചമാണെന്ന് നൊമൂറ വിലയിരുത്തി. ഓഹരി ഇന്നു രാവിലെ ചാഞ്ചാട്ടത്തിലാണ്.

ഡിക്സൺ ടെക്നോളജീസ് നാലാം പാദത്തിൽ വരുമാനം 3.8 ശതമാനം വർധിപ്പിച്ചപ്പാേൾ അറ്റാദായം 27.7 ശതമാനം കൂടി. ഓഹരിവില ആറു ശതമാനത്തോളം ഉയർന്നു. സാംസംഗ് മുതൽ ഫിലിപ്സ് വരെ നിരവധി കമ്പനികളുടെ കോൺട്രാക്ട് മനുഫാക്ചറർ ആയ ഡിക്സണു രാജ്യത്ത് 17 യൂണിറ്റുകൾ ഉണ്ട്. വരുന്ന പാദങ്ങളിലെ വളർച്ച സംബന്ധിച്ചു കമ്പനി നല്ല പ്രതീക്ഷയാണു നൽകുന്നത്.

രൂപ ഇന്നു നേരിയ താഴ്ചയോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ നേട്ടത്തിൽ 82.83 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീടു രൂപ നേട്ടമുണ്ടാക്കി. ഡോളർ 82.71 രൂപയിലേക്കു താണു. സ്വർണം ലോകവിപണിയിൽ 1976 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 200 രൂപ വർധിച്ച് 45,000 രൂപയായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it