ആഗോള ആശങ്കകളില്‍ പെട്ട് വിപണിക്ക് ചാഞ്ചാട്ടം; എല്‍.ഐ.സി ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു
ആഗോള ആശങ്കകളില്‍ പെട്ടു ചാഞ്ചാടുകയാണു വിപണി ഇന്നു രാവിലെ. താഴ്ന്നു വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം മുഖ്യ സൂചികകള്‍ നേട്ടത്തിലായി. കുറച്ചു സമയത്തിനു ശേഷം താഴോട്ടു നീങ്ങി. സൂചികകള്‍ കാല്‍ ശതമാനം ഇടിഞ്ഞ ശേഷം തിരിച്ചു കയറി. വീണ്ടും താണു.
ബാങ്ക്, ധനകാര്യ ഓഹരികളും ഇതേ വഴിയില്‍ കയറിയിറങ്ങി. എഫ്എംസിജി, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് എന്നിവ ഒഴികെ എല്ലാ മേഖലകളും താഴ്ചയിലാണ്.
നാലാം പാദ അറ്റാദായം 466 ശതമാനം വര്‍ധിച്ച് 13,428 കോടി രൂപ ആയതിനെ തുടര്‍ന്ന് എല്‍.ഐ.സി ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു. പ്രീമിയം വരുമാനം എട്ടു ശതമാനം കുറഞ്ഞതാണ് ഓഹരി അധികം കയറാത്തതിനു കാരണം.
നാലാം പാദ റിസല്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പിരമള്‍ ഫാര്‍മ ഒന്‍പതു ശതമാനം ഉയര്‍ന്നു. മാസങ്ങളായി താഴോട്ടു നീങ്ങിയിരുന്ന ഓഹരി രണ്ടു ദിവസം കൊണ്ടു 11 ശതമാനം കയറ്റത്തിലാണ്. കമ്പനിയുടെ ഔഷധനിര്‍മാണ പ്ലാന്റിന് യു.എസ് എഫ്.ഡി.എ യുടെ അംഗീകാരം ലഭിച്ചതും ഓഹരിയെ സഹായിച്ചു.
'വണ്ടര്‍ലാ' കയറി
വിറ്റു വരവ് 34 ശതമാനം കൂടിയെങ്കിലും ഓണ്‍ലൈന്‍ ഫാഷന്‍ വസ്ത്ര വില്‍പനക്കാരായ നൈകയുടെ അറ്റാദായം 72 ശതമാനം ഇടിഞ്ഞു. ഓഹരിവില ആദ്യം താണെങ്കിലും പിന്നീടു രണ്ടു ശതമാനം കയറി.
ലോഹ വിലകളിലെ ചാഞ്ചാട്ടം മൂലം ലാഭം 72 ശതമാനം ഇടിഞ്ഞ ഹിന്‍ഡാല്‍കോ ഓഹരി രാവിലെ രണ്ടു ശതമാനത്തോളം താഴ്ന്നു. ഇന്നലെ നാലാം പാദ ഫലങ്ങൾ പുറത്തുവിട്ട വണ്ടര്‍ലാ ഹോളിഡെയ്‌സ് ഓഹരി അഞ്ചു ശതമാനം വരെ കയറി. പിന്നീടു താണു.
രൂപ ഇന്ന് ദുര്‍ബലമായി. കറന്‍സി വിപണിയില്‍ ഡോളര്‍ സൂചിക 104-നു മുകളിലായതാണ് കാരണം. ഡോളര്‍ 10 പൈസ കയറി 82.76 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോക വിപണിയില്‍ 1957 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 360 രൂപ കുറഞ്ഞ് 44,640 രൂപയായി.