തിരുത്തലിന്റെ സൂചനയുമായി വിപണി താഴ്ചയില്‍, ഐ.ടി ഓഹരികളും ടെക് മഹീന്ദ്രയും ഇടിവില്‍, റിലയൻസും നഷ്ടത്തില്‍

ഓഹരി വിപണിയിൽ ഒരു മിനി തിരുത്തലിന്റെ സൂചന നൽകിക്കൊണ്ട് വിപണി ഇന്നു കുത്തനെ താഴ്ന്നു. രാവിലെ തന്നെ സെൻസെക്സ് 86,000 നും നിഫ്റ്റി 26,000 നും താഴെയായി. മുഖ്യസൂചികകൾ 0.80 ശതമാനം വീതം താഴ്ന്നപ്പോൾ മിഡ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം നഷ്ടത്തിലായി.
ഐ.ടി ഓഹരികൾ ഇന്നും താഴ്ചയിലായി. ഐടി സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നു. ടെക് മഹീന്ദ്ര രണ്ടു ശതമാനത്തോളം താണു. പിന്നീട് കമ്പനികൾ നഷ്ടം കുറച്ചു.
റിലയന്‍സ് ഗ്രൂപ്പിന്റെ വാർത്താ ഇതര ചാനലുകൾ സ്റ്റാർ നെറ്റ് വർക്കുമായി യോജിപ്പിക്കാൻ കേന്ദ്ര വാർത്താ വിതരണ - പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചെങ്കിലും റിലയൻസ് ഓഹരി രാവിലെ ഒരു ശതമാനത്തിലധികം താഴ്ന്നു.
ജാപ്പനീസ് ബ്രോക്കറേജ് നൊമുറ ഫെഡറൽ ബാങ്ക് ഓഹരിയുടെ ലക്ഷ്യ വില 240 രൂപയായി ഉയർത്തി. ഓഹരി ഇന്നു രാവിലെ 193 രൂപയിലാണ്.
ലോകവിപണിയിൽ ഇരുമ്പയിര് വില ഉയർന്നത് എൻ.എം.ഡി.സി ഓഹരിയെ നാലു ശതമാനം ഉയർത്തി. സ്റ്റീൽ, അലൂമിനിയം കമ്പനികൾ ഇന്നു രാവിലെ കയറി.
മിക്ക വാഹന കമ്പനി ഓഹരികളും താഴ്ചയിലാണ്. ഹീറോ മോട്ടോ കോർപ് നാലു ശതമാനം താഴ്ന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടും ബജാജ് ഓട്ടാേ ഒന്നരയും ശതമാനം താണു.
റെയിൽവേയിൽ നിന്നു 98 കോടിയുടെ കരാർ ലഭിച്ചതിന്റെ പേരിൽ ഹിന്ദ് റെക്ടിഫയേഴ്സ് മൂന്നര ശതമാനം ഉയർന്നു.
ഈ ദിവസങ്ങളിൽ നിരന്തരം ഉയരുന്ന പിസി ജ്വല്ലേഴ്സ് ഇന്നും അഞ്ചു ശതമാനം ഉയർന്നു.
ബി.എസ്.ഇയും എൻ.എസ്.ഇയും ഇടപാടുകളുടെ ഫീസ് കൂട്ടുകയും ഫീസ് ഘടന പരിഷ്കരിക്കുകയും ചെയ്തു. ഡിസ്കൗണ്ട് ബ്രോക്കർമാർക്കു പുതിയ സംവിധാനത്തിൽ നിരക്ക് കൂട്ടേണ്ടി വരും. അതു ബിസിനസ് കുറയാൻ കാരണമായേക്കാം.
രൂപ ഇന്നു രാവിലെ താഴ്ന്നു. ഡോളർ ഒരു പൈസ കയറി 83.71 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.80 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 2653 ഡോളറിലേക്കു താണു. പിന്നീട് 2656 ഡോളർ ആയി. കേരളത്തിൽ ആഭരണ സ്വർണം പവന് 120 രൂപ കുറഞ്ഞ് 56,640 രൂപയായി.
ക്രൂഡ് ഓയിൽ അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം 72.49 ഡോളറിൽ നിന്ന് 72.31 ഡോളർ ആയി കുറഞ്ഞു.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it