അനിശ്ചിതത്വം മാറാതെ ഓഹരി വിപണി

ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. കുറേ സമയം ചാഞ്ചാട്ടം നടന്നു. വിപണിയിൽ അനിശ്ചിതത്വം മാറിയിട്ടില്ല. സെൻസെക്സ് 63,136 വരെ കയറിയിട്ട് 63,000 നു താഴേക്കു താണു. നിഫ്റ്റി 18,722 വരെ എത്തിയിട്ട് 18,680 പോയിന്റിനടുത്തേക്ക് വീണു.

ഐ.സി.ഐ.സി.ഐ ഓഹരികൾ

ഐസിഐസിഐ സെക്യൂരിറ്റീസ് ഡീ ലിസ്റ്റ് ചെയ്യുന്നതിനു പ്രാെമാേട്ടർമാരായ ഐ.സി.ഐ.സി.ഐ ബാങ്ക് ആലോചിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ഓഹരി പത്തു ശതമാനം ഉയർന്നു.

ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിലെ 75 ശതമാനം ഓഹരി ഐസിഐസിഐ ബാങ്കിന്റെ പക്കലാണ്. വ്യാഴാഴ്ചയാണ് ഐസിഐസിഐ ബാങ്കിന്റെ ഡയറക്ടർ ബാേർഡ് യോഗം ചേരുന്നത്.

ആശ്വാസമായി കാലവർഷം

മുംബൈയിലും ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം എത്തിയത് ആശ്വാസകരമായി. ഖാരിഫ് കൃഷിയിറക്കലിനു വേഗം കിട്ടാൻ ഇതു സഹായിക്കും. കാർഷികോൽപാദനം സംബന്ധിച്ച ആശങ്കകൾ കുറയും.

കഴിഞ്ഞ ദിവസം ആദായനികുതി പരിശോധന നടന്ന ശ്രീ സിമന്റ് ഓഹരി ഇന്ന് എട്ടു ശതമാനം താഴ്ന്നു. കഴിഞ്ഞ ദിവസം വലിയ തകർച്ച കാണിച്ച അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നു തുടക്കത്തിൽ താണിട്ടു നേട്ടത്തിലേക്കു കയറി.

രൂപ ഇന്നു ചെറിയ നേട്ടത്തിലാണ്. ഡോളർ മൂന്നു പൈസ താണ് 82 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 81.94 രൂപയിലേക്കു താണു. സ്വർണം ലോക വിപണിയിൽ 1925 ഡോളറിനു താഴേക്കു നീങ്ങി. കേരളത്തിൽ സ്വർണം പവന് 80 രൂപ വർധിച്ച് 43,480 രൂപയായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it