ആശ്വാസ റാലി നിഫ്റ്റിയെ 19,000ലേക്ക് ഉയര്‍ത്തി; ശ്രീറാം ഫിനാന്‍സ് ഓഹരി 9 ശതമാനം കയറി
ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ ഉയർന്നു. ആശ്വാസ റാലിയിൽ നിഫ്റ്റി 19,000 ലേക്കു തിരിച്ചു കയറി. സെൻസെക്സ് 63,600 നു മുകളിലായി.
എല്ലാ വ്യവസായ മേഖലകളും പച്ചയിൽ ഓടുന്ന ഇന്നു റിയൽറ്റിയാണ് ഏറ്റവും ഉയരത്തിൽ. ബാങ്ക്, ധനകാര്യ സേവന സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടത്തിലായി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടത്തിലാണ്. അദാനി ഗ്രൂപ്പ് ഓഹരികളും ഇന്നു നേട്ടത്തിലാണ്.
അറ്റാദായത്തിൽ 13 ശതമാനം വളർച്ചയോടെ രണ്ടാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ച ശ്രീറാം ഫിനാൻസിന്റെ ഓഹരി ഒൻപതു ശതമാനത്തോളം കുതിച്ചു. ബ്രോക്കറേജുകൾ ഓഹരിയുടെ ലക്ഷ്യവില ഉയർത്തി.
നഷ്ടം 8000 കോടി രൂപയിലധികം ആയെങ്കിലും വോഡഫോൺ ഐഡിയ ഓഹരി രണ്ടര ശതമാനം ഉയർന്നു. വലിയ സഞ്ചിത നഷ്ടവും കടബാധ്യതയും ഉണ്ടെങ്കിലും കമ്പനിയെ ഏറ്റെടുക്കാൻ ആരെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷ വിപണിയിലുണ്ട്.
മികച്ച പാദ ഫലത്തെ തുടർന്നു കനറ ബാങ്ക് ഓഹരി ഏഴു ശതമാനം കയറി. ബാങ്ക് ഓഫ് ഇന്ത്യ ആറും കർണാടക ബാങ്ക് അഞ്ചും ശതമാനം ഉയർന്നു.
കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് ഇന്ന് അഞ്ചര ശതമാനം കയറി. മസഗാേൺ ഡോക്കും ഗാർഡൻ റീച്ചും നാലു ശതമാനം നേട്ടത്തിലാണ്.
ആർ.വി.എൻ.എൽ, ഐ.ആർ.എഫ്.സി തുടങ്ങിയ റെയിൽവേ ഓഹരികൾ മൂന്നു ശതമാനത്തിലധികം ഉയരത്തിലായി.
രൂപ ഇന്നും നേട്ടത്തിൽ തുടങ്ങി. ഡോളർ ഒരു പൈസ നഷ്ടത്തിൽ 83.22 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് 83.25 രൂപയായി.
സ്വർണം ലോക വിപണിയിൽ 1989 ഡോളറിലായി. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 45,440 രൂപയിൽ തുടർന്നു.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില തിരിച്ചു കയറി. ബ്രെന്റ് ഇനം ബാരൽ ഒന്നര ശതമാനം ഉയർന്ന് 89.15 ഡോളർ ആയി.
Read Morning Business News & Stock Market Here :
പ്രതീക്ഷയോടെ നിക്ഷേപകർ; ഏഷ്യൻ വിപണികൾ കയറ്റത്തിൽ; ക്രൂഡ് ഓയിൽ താഴുന്നു; വിദേശികൾ വിൽപന സമ്മർദം കുറയ്ക്കുമോ?