ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; നേട്ടമുണ്ടാക്കി റിയൽറ്റി, മീഡിയ ഓഹരികൾ
ഇന്ത്യൻ വിപണി ചാഞ്ചാട്ടം തുടരുന്നു. തലേന്നത്തെ ക്ലോസിംഗ് നിരക്കിൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് മിനിറ്റുകൾക്കകം 250 പോയിന്റോളം ഇടിഞ്ഞ് 66,020 വരെ എത്തി. പിന്നീടു നഷ്ടം കുറച്ചു. വീണ്ടും താഴ്ചയിലായി. നിഫ്റ്റിയും ആദ്യം താഴ്ന്നു. പിന്നീടു കയറി നേട്ടത്തിൽ എത്തിയിട്ടു വീണ്ടും ഇടിഞ്ഞു.
ബാങ്ക്, ധനകാര്യ സേവന, ഐടി, വാഹന കമ്പനികളാണു വിപണിയെ താഴ്ത്തുന്നത്. റിയൽറ്റിയും മീഡിയയും നല്ല നേട്ടമുണ്ടാക്കി.
മികച്ച ലാഭവും ലാഭമാർജിനിലെ വർധനയും ഇന്റലക്റ്റ് ഡിസൈൻ അരീന ഓഹരിയെ 14 ശതമാനത്തോളം ഉയർത്തി. ഒന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 19 ശതമാനവും പ്രവർത്തനലാഭം 33 ശതമാനവും അറ്റാദായം 36 ശതമാനവും കയറി.
ബാങ്ക് നിഫ്റ്റി താഴ്ചയിലാണെങ്കിലും ഫെഡറൽ ബാങ്ക് രാവിലെ നല്ല നേട്ടം ഉണ്ടാക്കി. ഓഹരി രണ്ടര ശതമാനം ഉയർന്ന് 137 രൂപയ്ക്കു മുകളിൽ കയറി.
നല്ല ഒന്നാം പാദ റിസൽട്ടിന്റെ പേരിൽ അജന്ത ഫാർമ ഓഹരിഎട്ടു ശതമാനം കുതിച്ചു. ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ഗ്രീൻലാം ഇൻഡസ്ട്രീസ്
ഗ്രീൻലാം ഇൻഡസ്ട്രീസ് ഒന്നാം പാദത്തിൽ ലാഭവും ലാഭമാർജിനും ഗണ്യമായി വർധിപ്പിച്ചു. ഓഹരി 10 ശതമാനത്തോളം കയറി. ഈ വർഷം ഇതുവരെ ഈ സ്മോൾ ക്യാപ് ഓഹരി 67 ശതമാനം നേട്ടം ഉണ്ടാക്കി.
മികച്ച ലാഭവർധനയും ബിസിനസ് വളർച്ചയും കാണിച്ച മോത്തിലാൽ ഓസ്വാൾ ഓഹരി രാവിലെ അഞ്ചു ശതമാനത്തേളം ഉയർന്നു.
പ്രാെമാേട്ടർമാർ ഓഹരി വിൽക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ 10 ശതമാനം ഉയർന്ന സിപ്ല ഓഹരി ഇന്ന് ഒരു ശതമാനത്തിലധികം കയറി.
രൂപ, ഡോളർ, സ്വർണം
രൂപ ഇന്നു കുത്തനേ താണു. രാജ്യാന്തര വിപണിയിലെ നേട്ടത്തിന്റെ
ബലത്തിൽ ഡോളർ 34 പൈസ കയറി 82.27 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 82.20 രൂപയിലേക്കു താണെങ്കിലും കുറേ കഴിഞ്ഞ് 82.33 രൂപയിലേക്കു കയറി.
ലോകവിപണിയിൽ സ്വർണം 1952 ഡോളറിനു താഴെയാണ്. കേരളത്തിൽ പവന് 280 രൂപ കുറഞ്ഞ് 44,080 രൂപ ആയി.