സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിൽ
ഇന്ത്യൻ ഓഹരി വിപണി പുതിയ ഉയരങ്ങളിൽ. സെൻസെക്സ് 63,738 വരെയും നിഫ്റ്റി 18,922 വരെയും കയറി റിക്കാർഡിട്ടു. മീഡിയ ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടത്തിലായി. പാർപ്പിടവിൽപന റിക്കാർഡ് വളർച്ച കാണിച്ചത് റിയൽ എസ്റ്റേറ്റ് കമ്പനികളെ കുതിക്കാൻ സഹായിച്ചു.
ആശുപത്രി നടത്തിപ്പുകാരായ ഷാൽബി ലിമിറ്റഡ് റാഞ്ചിയിലെ ഡിവൈൻ ഹോസ്പിറ്റൽ ഏറ്റെടുത്തത് ഓഹരി വില ഏഴു ശതമാനം വരെ ഉയർത്തി. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്കിൽ ലയിക്കുന്നതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് രൂപപ്പെടും. എസ്.ബി.ഐ യുടെ തൊട്ടുപിന്നിൽ 22.2 ലക്ഷം കോടി രൂപയുടെ വായ്പകൾ ഉള്ള ബാങ്കാകും ഇത്.
18.8 ലക്ഷം കോടി രൂപയുടെ നിക്ഷേപം ബാങ്കിൽ ഉണ്ടാകും. ഇടത്തരം, ചെറുകിട ബാങ്കുകൾക്കു ബിസിനസ് വളർത്തൽ ബുദ്ധിമുട്ടാകുന്നതാണ് ഈ ലയനത്തിന്റെ പ്രധാന പ്രത്യാഘാതം.
ജൂലൈ 13 ന് എച്ച്ഡിഎഫ്സി ഓഹരികൾ എക്സ്ചേഞ്ചിൽ നിന്നു ഡീലിസ്റ്റ് ചെയ്യും. എച്ച്ഡിഎഫ്സിയുടെ 25 ഓഹരികൾക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികൾ നൽകിയാണു ലയനം.
അദാനി ഗ്രൂപ്പ് ഓഹരികൾ
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു വലിയ നേട്ടം ഉണ്ടാക്കി. അദാനി എന്റർപ്രൈസസിന്റെ 1.6 ശതമാനവും ഗ്രീനിന്റെ 4.1 ശതമാനവും ഓഹരികൾ കൈ.മാറ്റം ചെയ്യപ്പെട്ടു. രണ്ടു കമ്പനികളിലും കൂടി 8500 കോടിയിൽ പരം രൂപയുടെ ഓഹരികളാണു കൈമാറിയത്.
ഇതേ തുടർന്ന് മിക്ക ഗ്രൂപ്പ് കമ്പനികളുടെയും ഓഹരികൾ ഒന്നര മുതൽ നാലര വരെ ശതമാനം ഉയർന്നു. ചില അദാനി ഗ്രൂപ്പ് കമ്പനികളിൽ ഉള്ളാൾ വ്യാപാരം (Insider Trading) നടന്നതായ ആരോപണം സെബി അന്വേഷിക്കുന്നതായ റിപ്പോർട്ടുകൾക്കു വിപണി വലിയ പ്രാധാന്യം നൽകിയില്ല.
റിയൽ എസ്റ്റേറ്റ് കമ്പനി സൂപ്പർ ടെക്കിന്റെ മേധാവി ആർ. കെ. അറോറയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തു. രൂപ ഇന്നു ചെറിയ നേട്ടം കാണിച്ചു. ഡോളർ 82.00 രൂപയിൽ ഓപ്പൺ ചെയ്തിട്ട് 81.97 രൂപയിലേക്കു താണു. സ്വർണം ലോകവിപണിയിൽ 1914 ഡോളറിലാണ്. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 43,240 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.