ചെറിയ നേട്ടത്തോടെ വിപണി
ഏഷ്യൻ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. പിന്നീടു സാവധാനം കയറി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രാവിലെ മുതൽ താഴ്ചയിലാണ്.
ഓയിൽ, ഫാർമ, ഹെൽത്ത് കെയർ, മീഡിയ, കൺസ്യൂമർ ഡ്യുറബിൾ മേഖലകൾ താഴ്ന്നു. ആങ്കർ നിക്ഷേപകരിൽ പെട്ട വാർബർഗ് പിൻകസ് ഗണ്യമായ ഓഹരി വിറ്റെന്ന റിപ്പോർട്ട് കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരിവില 10 ശതമാനം ഇടിയാൻ കാരണമായി. ഒന്നിനു 108 രൂപ വിലയ്ക്കാണ് 2.9 കോടി ഓഹരികൾ കെെമാറ്റം ചെയ്തത്.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 78 ഡോളറിൽ എത്തി. ഇത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരി വില ഇടിച്ചു. ഐഒസിയും മറ്റും ഒരു ശതമാനത്തിലധികം താഴ്ന്നു.
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഇന്നു ഗണ്യമായി കുറഞ്ഞു. എസിസിയും അംബുജയും വാങ്ങുന്നതിന് എടുത്ത കടം തിരിച്ചടയ്ക്കാൻ അദാനി സാവകാശം തേടുന്നു എന്ന റിപ്പോർട്ട് ആണു കാരണം.
രൂപ ഇന്ന് 25 പൈസ നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ഡോളർ 82.12 രൂപയിൽ തുടങ്ങിയിട്ട് 82.17 രൂപയിലേക്കു കയറി. സ്വർണം ലോകവിപണിയിൽ 1960 ഡോളറിലാണ്.