നേട്ടത്തിലേക്ക് നീങ്ങി വിപണി; അദാനി ഗ്രൂപ്പ് ഓഹരികൾ താഴ്ചയിൽ
ചൈനീസ് വിപണി ഇടിഞ്ഞതും ലാഭമെടുക്കൽ സമ്മർദവും മൂലം ഇന്ത്യൻ വിപണി ഇന്നു രാവിലെ നഷ്ടത്തിലാണ് തുടങ്ങിയത്. എന്നാൽ മിനിറ്റുകൾക്കകം ഗതിമാറി. മുഖ്യ സൂചികകൾ കയറി. ഒരു മണിക്കൂറിനകം സെൻസെക്സ് 63,000 കടന്നു. നിഫ്റ്റി 18,650 നു മുകളിലായി.
ബാങ്ക് നിഫ്റ്റി ഇന്നു കഴിഞ്ഞ ദിവസത്തേതു പോലെ ഉത്സാഹം കാണിച്ചില്ല. ഫാർമ ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലായി. നാലാം പാദത്തിൽ വരുമാനം 60 ശതമാനം കൂടിയപ്പോൾ ലാഭം മൂന്നിരട്ടിയാക്കിയ ശോഭ ഡവലപ്പേഴ്സ് ഓഹരി ഒൻപതു ശതമാനം കയറി. കമ്പനിയുടെ കടബാധ്യത 11 പാദങ്ങളിലെ ഏറ്റവും താണ നിലയിലായി.
വരുമാനവും ലാഭവും വർധിച്ചെങ്കിലും നാലാം പാദ റിസൽട്ട് പ്രതീക്ഷയോളം വരാത്തതിനാൽ അദാനി ട്രാൻസ്മിഷൻ ഓഹരി അഞ്ചു ശതമാനം താണു. അദാനി പവർ, അദാനി പോർട്സ്, അദാനി ഗ്രീൻ തുടങ്ങിയവയും താഴ്ചയിലാണ്.
ജൂബിലന്റ് ഫാർമോവയും വേദാന്തയും
മികച്ച ലാഭവർധനയും ലാഭമാർജിനിലെ നേട്ടവും വീനസ് റെമഡീസ് ഓഹരിയെ 20 ശതമാനം ഉയർത്തി. വേദാന്ത ലിമിറ്റഡ് ഓഹരി എക്സ് ഡിവിഡൻഡ് ആയതിനാൽ ഇന്നു തുടക്കത്തിൽ അഞ്ചു ശതമാനം ഇടിഞ്ഞു. നാലാം പാദ ലാഭവും ലാഭമാർജിനും ഗണ്യമായി വർധിപ്പിച്ച ഹൈകാൽ ഓഹരി 12 ശതമാനം ഉയർന്നു.
ജൂബിലന്റ് ഫാർമോവയുടെ നാലാം പാദ റിസൽട്ട് മോശമായതും യുഎസ് എഫ്ഡിഎയിൽ നിന്നുള്ള പരാമർശങ്ങളും ഓഹരിയെ ഏഴു ശതമാനം താഴ്ത്തി.
രൂപ ഇന്ന് അൽപം താണു. ഡോളർ രണ്ടു പൈസ നേട്ടത്തിൽ 82.65 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.69 രൂപയായി. സ്വർണം ലോകവിപണിയിൽ 1941 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 44,360 രൂപയായി.