വിപണി താഴ്ചയിൽ; എച്ച്.ഡി.എഫ്.സി- എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികൾ ഇന്നു മൂന്നു ശതമാനം വരെ താഴ്ന്നു

ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങി. പിന്നീടു ചെറിയ മേഖലയിൽ ചാഞ്ചാടി. ബാങ്ക്, ധനകാര്യ, റിയൽറ്റി മേഖലകൾ താഴ്ചയിലായി. എഫ്‌എംസിജി, ഐടി, ഓട്ടോ, ഫാർമ, ഹെൽത്ത്കെയർ തുടങ്ങിയ മേഖലകൾ നല്ല നേട്ടത്തിലാണ്. വിൽപനസമ്മർദ്ദം ചില മേഖലകളിൽ മാത്രമാണ്. സേവന മേഖലയിൽ വളർച്ചത്തോതു കുറഞ്ഞതായി പിഎംഐ സർവേ കാണിച്ചതു വിപണിക്കു ദൗർബല്യം കൂട്ടി.

എച്ച്.ഡി.എഫ്.സി - എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികൾ ഇന്നു മൂന്നു ശതമാനം വരെ താഴ്ന്നു. 13 മുതൽ എച്ച്ഡിഎഫ്സിക്കു പകരം എൽടിഐ മൈൻഡ് ട്രീ ആണ് നിഫ്റ്റി 50-ൽ ഉണ്ടാകുക. മൈൻഡ് ട്രീ ഓഹരി രാവിലെ ഉയർന്നു. നിഫ്റ്റി ഫിനാൻഷ്യൽ സൂചികയിൽ എച്ച്ഡിഎഫ്സിക്കു പകരം എൽഐസി ഹൗസിംഗ് ഫിനാൻസ് ആണ് ഉണ്ടാകുക. എൽഐസി ഹൗസിംഗ് ഓഹരി മൂന്നു ശതമാനം വരെ കയറി.

ഐ.ഡി.എഫ്.സി.യും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും ഇന്നു രണ്ടു ശതമാനത്തിലധികം ഉയർന്നു. ഐഷർ മോട്ടോഴ്സിനു കൂടുതൽ വെല്ലുവിളി നൽകിക്കൊണ്ട് ബജാജ് ഓട്ടോ 400 സിസി ട്രയംഫ് ബൈക്ക് അവതരിപ്പിക്കുന്നു. ഹീറോയിൽ നിന്ന് ഹാർലി ഡേവിഡ്സൺ ബെെക്കുകൾ വരുന്നതിന്റെ പേരിൽ ഇന്നലെ ഐഷർ ഏഴു ശതമാനം ഇടിഞ്ഞതാണ്. ഇന്ന് ഓഹരി വീണ്ടും താണു. ഹീറോയും ബജാജും ഇന്നു കയറി.

ജെനസ് പവർ ഓഹരി

ജെനസ് പവർ ഓഹരി ഇന്നു രാവിലെ 15 ശതമാനം ഉയർന്നു. സ്മാർട്ട് മീറ്റർ പ്ലാറ്റ്ഫോം നിർമിക്കുന്ന സംയുക്ത സംരംഭത്തിനു ജിഐസിയുമായി കമ്പനി കരാർ ഉണ്ടാക്കി. സംരംഭത്തിന്റെ 75 ശതമാനം മൂലധനം ജിഐസി മുടക്കും. കഴിഞ്ഞ ദിവസം 2207 കോടിയുടെ കരാർ ലഭിച്ചപ്പാേൾ ഓഹരി 15 ശതമാനം ഉയർന്നതാണ്. അഞ്ചു ദിവസം കൊണ്ട് 35 ശതമാനം കയറിയ ഓഹരി 2023 ൽ 83 ശതമാനം നേട്ടമുണ്ടാക്കി.

സംവർധന മദർസൺ ഹോണ്ടയുടെ ഉപവിഭാഗമായ യാച്ചിയോയുടെ 81 ശതമാനം ഓഹരി വാങ്ങാൻ കരാർ ഉണ്ടാക്കി. മദർസൺ ഓഹരി ഒൻപതു ശതമാനം കയറി. കാറുകൾക്കു വേണ്ട സൺ റൂഫുകൾ അടക്കമുള്ള ഘടകങ്ങൾ നിർമിക്കുന്ന കമ്പനിയാണു യാച്ചിയോ. ഏറ്റെടുക്കലുകൾ മദർസണിന്റെ കട ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഓഹരി വിൽക്കാനാണ് സിറ്റിയുടെ ശിപാർശ

കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പു നടത്തിയ സുസ്ലോൺ എനർജി ഇന്ന് അഞ്ചു ശതമാനം താണു. നാളെ ചേരുന്ന സുസ്ലോൺ ഡയറക്ടർ ബോർഡ് ധനസമാഹരണ മാർഗങ്ങൾ ചർച്ച ചെയ്തു തീരുമാനം എടുക്കുന്ന സാഹചര്യത്തിലാണ് ഇടിവ്.

ഒന്നാം പാദത്തിലെ ബിസിനസ് വളർച്ച മെച്ചമായതിനെ തുടർന്ന് ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 3.5 ശതമാനം ഉയർന്നു. ഇന്നും ഓഹരി കയറ്റത്തിലാണ്.

രൂപ, സ്വർണം, ഡോളർ

രൂപ ഇന്നു ദുർബലമായി. ഡോളർ 82.05 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.14, രൂപ വരെ കയറി.

സ്വർണം ലോകവിപണിയിൽ 1924 ഡോളറിലേക്കു താണു.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it