പച്ച തൊടാതെ അദാനി ഗ്രൂപ്പ്; ഓഹരി വിപണി താഴ്ചയില്‍

അദാനി ഗ്രൂപ്പ് ഓഹരികള്‍ വീണ്ടും തകര്‍ച്ചയിലായ ഇന്ന് വിപണി തുടക്കത്തില്‍ ചാഞ്ചാടി. പിന്നീടു താഴ്ചയിലായി. ഇടയ്ക്ക് തിരിച്ചു കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സെന്‍സെക്‌സ് 60,438 വരെയും നിഫ്റ്റി 17,712 വരെയും താഴ്ന്നിട്ട് പിന്നീട് നഷ്ടം കുറച്ചു.

വാഹന, ലോഹ, ഐടി, ഹെല്‍ത്ത് കെയര്‍, ഓയില്‍, റിയല്‍റ്റി മേഖലകള്‍ താഴ്ചയിലാണ്. ബാങ്ക് മേഖല ചാഞ്ചാട്ടം നടത്തുന്നു. അദാനി ഗ്രൂപ്പ് ഓഹരികളില്‍ പോസിറ്റീവ് കാഴ്ചപ്പാട് ഇനിയും ഉണ്ടായിട്ടില്ല.

ഗവണ്മെന്റിനു നല്‍കാനുള്ള കുടിശിക ഓഹരിയാക്കി മാറ്റുന്നതില്‍ അനുകൂല തീരുമാനമായത് വോഡഫോണ്‍ ഐഡിയ ഓഹരിയെ 15 ശതമാനം ഉയര്‍ത്തി. പ്രൊമോട്ടര്‍മാരായ ബിര്‍ള ഗ്രൂപ്പും വോഡഫോണ്‍ ഗ്രൂപ്പും മൂലധനം കൊണ്ടു വരേണ്ടതുണ്ട്.

വോഡഫോണ്‍ ഐഡിയയുടെ നില ഭദ്രമാകും എന്ന സൂചനയെ തുടര്‍ന്ന് ഇന്‍ഡസ് ടവേഴ്‌സ് ഓഹരി 15 ശതമാനത്തോളം ഉയര്‍ന്നു. വോഡയില്‍ നിന്ന് ഇന്‍ഡസിനു വലിയ തുക കിട്ടാനുണ്ട്. ഇന്‍ഡസ് ടവേഴ്‌സിനു വോഡ-ഐഡിയ 1600 കോടി രൂപയുടെ ഡിബഞ്ചര്‍ നല്‍കും.

ക്രൂഡ് ഓയിലിന്റെ അമിതലാഭ നികുതി വര്‍ധിപ്പിച്ചതു റിലയന്‍സ് ഓഹരി ഒരു ശതമാനം താഴാന്‍ കാരണമായി. മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് പേയ്ടിഎം ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു. സൈഡസ് ലൈഫ് ഓഹരി ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലേക്കു കയറി.

എം ആന്‍ഡ് എം ഫിനാന്‍സ് ഒന്‍പതു ശതമാനം കയറി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. പലിശ മാര്‍ജിനില്‍ കമ്പനിക്കു വലിയ നേട്ടമുണ്ടായി. മണപ്പുറം ജനറല്‍ ഫിനാന്‍സ് ഓഹരി നാലു ശതമാനത്തോളം താഴ്ന്നു. മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ച വരുമാന വളര്‍ച്ച ഉണ്ടാകാത്തത് ജെകെ ടയര്‍ ഓഹരിയെ നാലു ശതമാനം താഴ്ത്തി.

ഡോളര്‍ ഇന്നു വലിയ കുതിപ്പു നടത്തി. 58 പൈസ നേട്ടത്തില്‍ 82.41 രൂപയിലാണ് ഡോളര്‍ ഓപ്പണ്‍ ചെയ്തത്. പിന്നീട് 82.48 രൂപയിലേക്കു കയറി. ലോകവിപണിയില്‍ ഡോളര്‍ സൂചിക 103 നു മുകളിലായതാണു കാരണം. സ്വര്‍ണം രാജ്യാന്തര വിപണിയില്‍ 1876 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന് 200 രൂപ വര്‍ധിച്ച് 42,120 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it