കുതിപ്പ് തുടരുന്നു; രൂപയ്ക്കും നേട്ടം

ഹോളി ആഘോഷത്തിന്റെ ആവേശം കാണിച്ചു കൊണ്ടാണു വിപണി ആഴ്ചയ്ക്കു തുടക്കമിട്ടത്. സെൻസെക്സ് 60,000 നും നിഫ്റ്റി 17,680 നും മുകളിൽ ഓപ്പൺ ചെയ്തു. താമസിയാതെ സെൻസെക്സ് 60,300 നും നിഫ്റ്റി 17,750 നും മുകളിൽ കയറി. പിന്നീടു മുഖ്യ സൂചികകൾ ഒരു ശതമാനം നേട്ടത്തിലായി.

ഐടി, മെറ്റൽ, ഓയിൽ - ഗ്യാസ്, ബാങ്കിംഗ്, ധനകാര്യ സർവീസ്, വാഹന മേഖലകൾ കുതിപ്പിനു മുന്നിൽ നിന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരി സൂചികകളും ഒരു ശതമാനത്തിലധികം കയറി.

ഫെബ്രുവരിയിൽ രാജ്യത്തു വാഹന വിൽപന 16 ശതമാനം വർധിച്ചതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) റിപ്പോർട്ടിൽ പറയുന്നു. ത്രീ വീലർ വിൽപന 75 ശതമാനം കൂടി. ടൂ വീലർ വിൽപനയിൽ 17 ശതമാനം വർധനയുണ്ട്.

ഗോതമ്പിന്റെയും മറ്റും വിലവർധന ലാഭ മാർജിൻ കുറയ്ക്കും എന്ന ബ്രോക്കറജ് റിപ്പോർട്ടിനെ തുടർന്ന് ബ്രിട്ടാനിയ ഓഹരി മൂന്നു ശതമാനത്തോളം താണു.

പ്രധാന ഓഹരികൾ

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നും നല്ല ഉയർച്ചയിലാണ്. അദാനി എന്റർപ്രൈസസ് ഒരു മണിക്കൂറിനുള്ളിൽ 14 ശതമാനം കയറി. ഇക്ര റേറ്റിംഗ് നെഗറ്റീവ് ആക്കിയിട്ടും അദാനി പവർ അഞ്ചു ശതമാനം ഉയർന്നു.

മഹാനഗർ ഗ്യാസ് ലിമിറ്റഡ് ഒൻപതു ശതമാനം കയറ്റത്തിലാണ്. മഹാരാഷ്ട്രയിലെ കൊങ്കൺ, ലാത്തുർ, ഉസ്മാനാബാദ് മേഖലയിൽ വാതക വിതരണ ലൈസൻസ് ഉള്ള യുനൈസൺ എൻവിറോ എന്ന കമ്പനിയെ വാങ്ങിയതിനെ തുടർന്നാണു കുതിപ്പ്.

രൂപയും സ്വർണവും

രൂപ ഇന്നു കൂടുതൽ ബലപ്പെട്ടു. ഡോളർ 20 പൈസ കുറഞ്ഞ് 81.77 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 81.75 രൂപയിലേക്കു താണു. സ്വർണം ലോകവിപണിയിൽ 1855 ഡോളറിലാണ്. കേരളത്തിൽ വില മാറ്റമില്ല.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it