ദിശ അറിയാതെ ഓഹരി വിപണി
വ്യക്തമായ ദിശാബോധം കിട്ടാത്തതിനാൽ ചാഞ്ചാട്ടത്തിലാണ് ഇന്ത്യൻ ഓഹരികൾ ഇന്ന്. രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം സൂചികകൾ താണും കയറിയും നീങ്ങി. ബാങ്ക് നിഫ്റ്റിയും ചാഞ്ചാടി.
ഇന്നലെ വലിയ വീഴ്ച നേരിട്ട ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (ഐഇഎക്സ്) ഇന്നും താഴ്ചയിലാണ്. രാവിലെ വില 10 ശതമാനം ഇടിഞ്ഞു. ചില വിദേശ ബ്രോക്കറേജുകൾ ഓഹരി വിൽക്കാൻ നിർദേശം നൽകി. മൂന്നു വൈദ്യുതി വ്യാപാര എക്സ്ചേഞ്ചുകളിൽ ഏറ്റവും വലുതാണ് ഐഇഎക്സ്.
വൈദ്യുതി റെഗുലേറ്ററി അഥോറിറ്റി പുറപ്പെടുവിച്ച പുതിയ മാർഗരേഖ നടപ്പാക്കിയാൽ ഐഇഎക്സിന്റെ ബിസിനസ് തീരെ കുറവാകും. വെെദ്യുതിവില ഓരോ എക്സ്ചേഞ്ചിലും ലേലത്തിലൂടെ തീരുമാനിക്കുന്ന രീതി മാറ്റി മൂന്നിടത്തും സമർപ്പിക്കുന്ന ഓഫറുകൾ നോക്കി അഥോറിറ്റി നിയോഗിക്കുന്ന ഏജൻസി വില നിശ്ചയിക്കാനാണു നിർദേശം. പല എക്സ്ചേഞ്ചുകളുടെ പ്രസക്തി ഇല്ലാതാക്കുന്നതാണ് നിർദേശം. ഈ നിർദേശം പിൻവലിക്കാൻ സമ്മർദമുണ്ട്.
വിപണിയെ ബാധിച്ച മറ്റു ഘടകങ്ങൾ
കയറ്റുമതിയും ആഭ്യന്തര വിലയും കുറഞ്ഞുവരുന്നത് സ്റ്റീൽ ഓഹരികളുടെ വില താഴാൻ ഇടയാക്കി. മറ്റു ലോഹങ്ങളുടെ ഓഹരികളും താഴ്ചയിലാണ്. ഐടി, എഫ്എംസിജി ഓഹരികളും ഇടിഞ്ഞു.
സ്പൈസ് ജെറ്റ് സെപ്റ്റംബറോടെ 10 ബോയിംഗ് 737 വിമാനങ്ങൾ സർവിസിന് ഇറക്കുമെന്ന റിപോർട്ട് സ്പൈസ് ജെറ്റ് ഓഹരിയെ ആറു ശതമാനം ഉയർത്തി.
മണപ്പുറം ഓഹരി കയറി
കനേഡിയൻ പെൻഷൻ ഫണ്ട് 1.7 ശതമാനം ഓഹരി വിറ്റതിനെ തുടർന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി ഒരു ശതമാനം ഇടിഞ്ഞു. പേയ്ടി എം ഓഹരി ഇന്നു നാലു ശതമാനം കയറി. കമ്പനി വലിയ വളർച്ച നേടുമെന്ന് ചില ബ്രോക്കറേജുകൾ വിലയിരുത്തി.
മണപ്പുറം ഫിനാൻസ് ഓഹരി നാലു ശതമാനം വരെ കയറി. രൂപ ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ ഒൻപതു പൈസ കുറഞ്ഞ് 82.48 രൂപയിൽ ഓപ്പൺ ചെയ്തു. സ്വർണം ലോക വിപണിയിൽ 1964 ഡോളറിലാണ്. കേരളത്തിൽ പവന് 320 രൂപ വർധിച്ച് 44,480 രൂപയായി.