ഓഹരികൾ താഴോട്ട്; രൂപ നേട്ടത്തിൽ
വിപണിയുടെ അനിശ്ചിതത്വം മുഴുവൻ പ്രകടമാക്കുന്ന തുടക്കമാണ് ഇന്നുണ്ടായത്. നേരിയ നേട്ടത്തിൽ തുടങ്ങി, താമസിയാതെ നഷ്ടത്തിലായി, വീണ്ടും കയറി, വീണ്ടും താണു. ഒടുവിൽ താഴാേട്ടു തന്നെ എന്നുറപ്പിച്ചു. നിഫ്റ്റി 17,700 നും സെൻസെക്സ് 60,100 നും താഴെയായി.
മെറ്റൽ മേഖല ഇന്ന് നല്ല നേട്ടം കാണിച്ചു. സ്റ്റീൽ വില ഉയരുന്നതാണു പ്രധാന കാരണം. സെയിൽ, ടാറ്റാ സ്റ്റീൽ, ജിൻഡൽ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ തുടങ്ങിയവ നല്ല കയറ്റത്തിലാണ്.
ചൈനീസ് വിപണിയിൽ വ്യാവസായിക ലോഹങ്ങളുടെ വില ഉയർന്നതു ഹിൻഡാൽകോയ്ക്കും വേദാന്തയ്ക്കും കരുത്തായി. ഹെൽത്ത്കെയറും ഫാർമയും ഇന്ന് ഉയർന്നു. ബാങ്കുകളും ഐടിയും താഴ്ചയിലാണ്. നിഫ്റ്റി ഐടി 30,000 നു താഴെ വന്നു.
രൂപ നേട്ടത്തിൽ
ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയ പഞ്ചസാര മിൽ ഓഹരികൾ ഇന്നു ലാഭമെടുക്കലിനെ തുടർന്ന് താഴ്ചയിലായി. രൂപ ഇന്നു നേട്ടത്തിലാണ്. ഡോളർ 13 പൈസ താഴ്ന്ന് 81.93 രൂപയിൽ വ്യാപാരം തുടങ്ങി. ഡോളർ സൂചിക 105 നു മുകളിൽ തുടരുകയാണെങ്കിലും കൂടുതൽ വിദേശ നാണ്യം എത്തുന്ന സാഹചര്യത്തിലാണു രൂപ ഉയർന്നത്. പിന്നീടു ഡോളർ 81.82 രൂപയിലേക്കു താഴ്ന്നു. സ്വർണം ലോക വിപണിയിൽ 1813 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയായി.