ചൈനീസ് ഉണർവിൽ വിപണിക്കു തിരിച്ചു കയറ്റം

താഴ്ചയുടെ മറ്റൊരു ദിവസം പ്രതീക്ഷിച്ച സ്ഥാനത്തു ശക്തമായ തിരിച്ചുവരവ്. ഏഷ്യൻ വിപണികൾ താഴ്ചയിൽ നിന്നു കയറി നേട്ടത്തിലായതും യുഎസ് ഫ്യൂച്ചേഴ്സ് ഉയരത്തിലേക്കു മാറിയതും വിപണിയുടെ ഗതിമാറ്റത്തിനു കാരണമായി. ചൈനയിൽ മനുഫാക്ചറിംഗ് പിഎംഐ 2012 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ ആയതാണ് ഈ മാറ്റത്തിനു പിന്നിൽ.

50.5 പ്രതീക്ഷിച്ച സ്ഥാനത്ത് 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന 52.6 ൽ എത്തി പിഎംഐ. ഇതോടെ ഹാങ് സെങ് സൂചിക 3.5 ശതമാനം കുതിച്ചു. ഷാങ്ഹായ് സൂചിക ഒരു ശതമാനത്തിലേറെ ഉയർന്നു. ചൈനീസ് സാമ്പത്തിക വളർച്ച കഴിഞ്ഞ വർഷം മൂന്നു ശതമാനമായിരുന്നത് ഇക്കാെല്ലം നാലര ശതമാനത്തിനു മുകളിലാകുമെന്നാണു പ്രതീക്ഷ. അതിനു കരുത്തു പകരുന്നതായി പിഎംഐ കണക്ക്.

സെൻസെക്സ്

നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സൂചികകൾ 0.6 ശതമാനം വരെ കയറി. സെൻസെക്സ് 59,370 വരെയും നിഫ്റ്റി 17,422 വരെയും ഉയർന്നു. മിഡ് ക്യാപ് സൂചിക ഒരു ശതമാനത്തിലധികം നേട്ടത്തിലായി. എൻഎസ്ഇ യിൽ 2200 ലേറെ ഓഹരികൾ ഉയരുകയും ചെയ്തു.

ബജാജ് ഓട്ടോയുടെ ഫെബ്രുവരിയിലെ വിൽപന 11% കുറവായി. കയറ്റുമതിയിലെ 38 ശതമാനം ഇടിവാണു കാരണം. ആഭ്യന്തര വിൽപന 33 ശതമാനം വർധിച്ചിരുന്നു. നെെജീരിയയിൽ കറൻസി റദ്ദാക്കിയതിനെ തുടർന്നുള്ള വിഷയങ്ങളാണു കയറ്റുമതിക്കു തിരിച്ചടിയായത്.

തിരിച്ചു കയറി ഓഹരികൾ

ഐടി കമ്പനികൾ ഇന്നു ശക്തമായി തിരിച്ചു കയറി. മെറ്റൽ സൂചിക മൂന്നു ശതമാനത്താേളം കുതിച്ചു. ചെെനീസ് ഡിമാൻഡ് ലാേഹങ്ങളുടെ വില വർധിപ്പിക്കുമെന്നു വിപണി കരുതുന്നു.

165 രൂപ വിലലക്ഷ്യവുമായി ഫെഡറൽ ബാങ്ക് ഓഹരി വാങ്ങാൻ സിറ്റി ഗ്രൂപ്പ് ശിപാർശ ചെയ്തതിനെ തുടർന്ന് ഓഹരി 130 രൂപയ്ക്കു മുകളിൽ എത്തി.

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നും നേട്ടത്തിലാണ്. അദാനി എന്റർപ്രൈസസ് 10 ശതമാനം ഉയർന്നു. ഒരു വർഷത്തിലധികമായി താഴ്ന്നു കിടന്നിരുന്ന രൂപ ആൻഡ് കോ ഓഹരി ഇന്നു രാവിലെ 10 ശതമാനം നേട്ടത്തിലായി.

രൂപ ഇന്നു മികച്ച നേട്ടത്തിൽ വ്യാപാരം തുടങ്ങി. 18 പൈസ കുറഞ്ഞ് 82.49 രൂപയിലാണു ഡോളർ വിനിമയം തുടങ്ങിയത്. പിന്നീട് 82.38 രൂപയായി.

സ്വർണം ലോക വിപണിയിൽ 1830 ഡോളറിലേക്കു കയറി. കേരളത്തിൽ പവൻ വില 120 രൂപ ഉയർന്ന് 41,280 രൂപയായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it