ഗോ ഫസ്റ്റ് പാപ്പര്‍ നീക്കത്തില്‍ ബാങ്ക് ഓഹരികള്‍ക്കു ക്ഷീണം

വിദേശവിപണികള്‍ വലിയ താഴ്ചയിലാണെങ്കിലും ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നഷ്ടത്തില്‍ ഒതുങ്ങി. ബാങ്ക്, മെറ്റല്‍, ഐടി മേഖലകള്‍ വലിയ ഇടിവിലായി. എഫ്എംസിജി, റിയല്‍റ്റി, മീഡിയ എന്നീ മേഖലകള്‍ മാത്രമേ ആദ്യ മണിക്കൂറില്‍ നേട്ടം ഉണ്ടാക്കിയുള്ളൂ.

ഗോ ഫസ്റ്റ് പാപ്പര്‍ നടപടികളിലേക്കു നീങ്ങിയതു മൂലം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി അഞ്ചു ശതമാനത്താേളം താണു. ബാങ്ക് ഓഫ് ബറോഡ മൂന്നു ശതമാനം താണു. ആക്‌സിസ്, ഐഡിബിഐ ബാങ്ക് തുടങ്ങിയവയും താഴ്ചയിലാണ്.

വാഡിയ ഗ്രൂപ്പിലെ ബോംബെ ബര്‍മ ട്രേഡിംഗ് കമ്പനി ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. ബ്രിട്ടാനിയ ഓഹരി രണ്ടു ശതമാനം താണപ്പാേള്‍ ബോംബെ ഡൈയിംഗ് ഓഹരി മൂന്നു ശതമാനത്താേളം താണിട്ട് അല്‍പം കയറി.

ഗോ ഫസ്റ്റിന്റെ സര്‍വീസ് മുടങ്ങുന്ന സാഹചര്യത്തില്‍ ഇന്‍ഡിഗോ വിമാന സര്‍വീസ് നടത്തുന്ന ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരി ഏഴു ശതമാനം ഉയര്‍ന്നു. സ്‌പൈസ് ജെറ്റ് ഓഹരി രണ്ടര ശതമാനം നേട്ടമുണ്ടാക്കി. സ്‌പൈസ് ജെറ്റ് നിലത്തിരിക്കുന്ന 25 വിമാനങ്ങള്‍ ഉടനേ സര്‍വീസിനു സജ്ജമാക്കുമെന്നു ചെയര്‍മാന്‍ അജയ് സിംഗ് പറഞ്ഞു.

Read This Also : 'പാപ്പര്‍' ആയെന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്; മെയ് മൂന്ന് മുതല്‍ അഞ്ച് വരെ സര്‍വീസുകള്‍ റദ്ദാക്കി

അദാനി ടോട്ടല്‍ ഗ്യാസ് താണു

മൈക്രോ ഫിനാന്‍സിംഗില്‍ ഉള്ള സ്പന്ദന സ്ഫൂര്‍തി ലാഭത്തില്‍ 268 ശതമാനം വര്‍ധന കാണിച്ചതോടെ ഓഹരിവില ആറു ശതമാനം കയറി. അദാനി ടോട്ടല്‍ ഗ്യാസ് ഇന്നലെ വലിയ ലാഭവര്‍ധന കാണിക്കുന്ന നാലാം പാദ റിസല്‍ട്ട് പുറത്തിറക്കി. എന്നാല്‍ കമ്പനിയുടെ സ്റ്റാച്യൂട്ടറി ഓഡിറ്റര്‍മാരായ ഷാ ധന്‍ധാരിയ സ്ഥാനം ഒഴിഞ്ഞു. അദാനി ടോട്ടല്‍ ഓഹരി രണ്ടു ശതമാനം താണു. അദാനി എന്റര്‍പ്രൈസസിന്റെ സ്റ്റാച്യൂട്ടറി ഓഡിറ്ററും ഷാ ധന്‍ധാരിയയാണ്.

രൂപ ഇന്നും നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ 11 പൈസ നഷ്ടപ്പെടുത്തി 81.77 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 81.82 രൂപയിലേക്കു കയറി.

ലോകവിപണിയില്‍ സ്വര്‍ണം 2018 ഡോളറില്‍ എത്തി. കേരളത്തില്‍ സ്വര്‍ണം പവന് 640 രൂപ വര്‍ധിച്ച് 45,200 രൂപയായി. കഴിഞ്ഞ മാസം 14 ന് എത്തിയ 45,320 രൂപയാണ് കേരളത്തിലെ റിക്കാര്‍ഡ് വില. ഡോളര്‍ നിരക്ക് താഴ്ന്നു നില്‍ക്കുന്നതു കൊണ്ടാണ് കേരളത്തിലെ വില റിക്കാര്‍ഡ് കടക്കാത്തത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it