കൊച്ചിന്‍ ഷിപ്പ്‌യാഡിന് വന്‍ ഇടിവ്, അദാനിക്കും ക്ഷീണം; പ്രതിരോധ ഓഹരികളിലും തകര്‍ച്ച

ആശ്വാസറാലിയും ആശങ്കയില്‍ മുങ്ങി. നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നഷ്ടത്തിലേക്കു മാറി. വീണ്ടും കയറി. ബാങ്ക് നിഫ്റ്റിയും മറ്റും വലിയ താഴ്ചയിലായി. വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു എന്നാണു നിഗമനം.

രാഷ്ട്രീയ കരുനീക്കങ്ങള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ സാധ്യത ഇല്ലാതാക്കുമോ എന്നതു മുതല്‍ ചന്ദ്രബാബു നായിഡുവും നിതിഷ് കുമാറും മറ്റും നടത്തുന്ന വിലപേശല്‍ നരേന്ദ്ര മോദിയുടെ മൂന്നാം ഭരണത്തെ ദുര്‍ബലമാക്കുമോ എന്നതു വരെയാണ് വിപണിയുടെ ആശങ്ക പട്ടികയില്‍ ഉള്ളത്. ജനപ്രിയ പരിപാടികള്‍ക്കും ഗവണ്മെന്റ് നിര്‍ബന്ധിതമാകും എന്നു വിപണി കരുതുന്നു. ജനങ്ങള്‍ക്കു കൂടുതല്‍ പണം കിട്ടുന്ന എന്തെങ്കിലും ഉണ്ടാകും എന്ന നിഗമനം എഫ്.എം.സി.ജി, റീറ്റെയ്ല്‍ തുടങ്ങി ഉപഭോഗവര്‍ധനയില്‍ വളരുന്ന മേഖലകളിലേക്ക് നിക്ഷേപകരെ നയിക്കുന്നു.
വിപണിയുടെ ചാഞ്ചാട്ടം ബജറ്റ് വരെ തുടരും എന്നു കരുതപ്പെടുന്നു.
കമ്പനികളും ഓഹരിയും
ഹിന്‍ഡാല്‍കോയുടെ വിദേശ ഉപകമ്പനി നൊവേലിസ് ഐ.പി.ഒ വീണ്ടും നീട്ടിവച്ചു. വിപണി സാഹചര്യം പ്രതികൂലമായതാണു കാരണം. ഹിന്‍ഡാല്‍കോ ഓഹരി അഞ്ചര ശതമാനം വരെ ഇടിഞ്ഞു.
ഇന്നലെ വിപണിയുടെ തകര്‍ച്ചയ്ക്കിടയില്‍ ഉയര്‍ന്നു നിന്ന ഏക മേഖലയായ എഫ്.എം.സി.ജി ഇന്നും ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഇന്നു രാവിലെ എട്ടു ശതമാനം ഉയര്‍ന്നു. ബ്രിട്ടാനിയ ആറും കോള്‍ഗേറ്റ് അഞ്ചും നെസ്ലെ നാലും ശതമാനത്തിലധികം കയറി. മാരികോ ഏഴു ശതമാനം ഉയര്‍ന്നു. പല ബ്രോക്കറേജുകളും എഫ്.എം.സി.ജിയെ അടുത്ത വളര്‍ച്ച മേഖലയായി കാണുന്നു.
കുറെ കാലമായി കുതിപ്പിലായിരുന്ന പ്രതിരോധ ഓഹരികളും പൊതുമേഖലാ ഓഹരികളും ഇന്നലത്തെ വലിയ തകര്‍ച്ചയ്ക്കു ശേഷം ഇന്നും ഇടിഞ്ഞു. എച്ച്.എ.എല്‍, ഭെല്‍, ബെല്‍, ഹഡ്‌കോ, ആര്‍.ഇ.സി, ഐ.ആര്‍.ഇ.ഡി.എ, എന്‍.ബി.സി.സി, പി.എഫ്.സി, എന്‍.ടി.പി.സി തുടങ്ങിയവ മൂന്നു മുതല്‍ എട്ടര വരെ ശതമാനം താഴ്ന്നു.
കരകയറനാകാതെ കൊച്ചിന്‍ ഷിപ്പ്‌യാഡ്
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി രാവിലെ 10 ശതമാനം താണ് 1,630 രൂപയില്‍ എത്തി. രണ്ടു ദിവസം കൊണ്ട് ഓഹരി 20 ശതമാനം ഇടിഞ്ഞു. ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എട്ടും മസഗോണ്‍ ഡോക്ക് രണ്ടും ശതമാനം താഴ്ന്നു.
മേയില്‍ ഇടപാടുകാരുടെ എണ്ണം കുത്തനേ ഉയര്‍ന്ന സാഹചര്യത്തില്‍ ഏഞ്ചല്‍ വണ്‍ ഓഹരി അഞ്ചുശതമാനം കയറി.
അദാനി ഗ്രൂപ്പ് ഓഹരികള്‍ രാവിലെ ഉയര്‍ന്നു തുടങ്ങിയെങ്കിലും പിന്നീടു വീണ്ടും താഴ്ചയിലായി. അദാനി പവര്‍ എട്ടും അദാനി എന്റര്‍പ്രൈസസ് മൂന്നും ശതമാനം ഇടിഞ്ഞു.

രൂപ, സ്വര്‍ണം, ഡോളര്‍

രൂപ ഇന്നു ചെറിയ നേട്ടം ഉണ്ടാക്കി. ഡോളര്‍ ഏഴു പൈസ താണ് 83.46 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
ലോകവിപണിയില്‍ സ്വര്‍ണം ഇന്നലത്തെ ഗതിമാറ്റി കയറ്റത്തിലായി. രാവിലെ ഔണ്‍സിന് 12 ഡോളര്‍ ഉയര്‍ന്ന് 2338 ഡോളര്‍ ആയി. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ താഴ്ന്ന് 53,280 രൂപയില്‍ എത്തി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it