റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തില്‍ തട്ടി വിപണിയില്‍ ചാഞ്ചാട്ടം

റീപോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിൻ്റെ പണനയ അവലോകനം. ബാങ്കുകളുടെ കരുതൽ പണ അനുപാതം (സി.ആർ.ആർ) അര ശതമാനം കുറച്ചു. എഫ്സിഎൻആർ നിക്ഷേപങ്ങളുടെ പലിശ കൂട്ടാനായി നിലവിലെ പരിധി ഉയർത്തും. വിപണിയുടെ അമിതപ്രതീക്ഷ പോലെ വന്നില്ലെങ്കിലും മിതമായ പ്രതീക്ഷകൾക്കു നിരക്കുന്നതായി നയം. നിരക്കുകളിൽ മാറ്റം ഇല്ലെന്ന പ്രഖ്യാപനങ്ങൾ വന്നപ്പോൾ താഴോട്ടു പോയ വിപണി സിആർആർ കുറച്ചതോടെ നേട്ടത്തിലായി. ബാങ്ക് നിഫ്റ്റി 0.30 ശതമാനം ഉയർന്നു. മുഖ്യ സൂചികകൾ പ്രഖ്യാപന വേളയിൽ വലിയ ചാഞ്ചാട്ടം കാണിച്ചു. പിന്നീടു ചെറിയ നേട്ടത്തിലായെങ്കിലും ചാഞ്ചാട്ടം തുടരുന്നു.
ബാങ്കുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന ഏകദിന വായ്പയ്ക്ക് ഈടാക്കുന്ന പലിശയാണു റീപോ റേറ്റ്. ഇത് 6.5 ശതമാനം എന്ന ഉയർന്ന നിലയിൽ തുടരും. വിലക്കയറ്റ പ്രവണത കുറയാത്ത നിലയ്ക്കു നിരക്ക് കുറയ്ക്കുന്നില്ല എന്നു ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വിലസ്ഥിരതയാണ് പാർലമെൻ്റ് നിയമം വഴി റിസർവ് ബാങ്കിനെ ഏൽപ്പിച്ച ജോലി എന്നു തുടക്കത്തിലേ വിശദീകരിച്ചാണു ദാസ് നയപ്രഖ്യാപനം നടത്തിയത്. കേന്ദ്രമന്ത്രിമാർ പലവട്ടം പലിശ കുറയ്ക്കലിനു സമ്മർദം ചെലുത്തിയ സാഹചര്യത്തിലാണ് ഈ വിശദീകരണം.
പന്ത്രണ്ടിനു കാലാവധി തീരുന്ന ദാസിനു പുനർനിയമനം നൽകുന്നതു സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. നയത്തെ അതു സ്വാധീനിക്കും എന്നു കരുതിയെങ്കിലും അതിനു ഗവർണർ വഴങ്ങിയതായ സൂചനയില്ല.
രണ്ടിനെതിരേ നാലു വോട്ടിനാണ് ആറംഗ പണനയ സമിതി (എംപി സി) തീരുമാനം എടുത്തത്. റിവേഴ്സ് റീപോ, എംഎസ്എഫ്, എസ്ഡിഎഫ് നിരക്കുകളിലും മാറ്റമില്ല. പണനയ സമീപനം ന്യൂട്രൽ ആയി തുടരും.
ജിഡിപി വളർച്ചയിലെ ഇടിവ് രണ്ടാം പാദത്തോടെ ഏറ്റവും താഴ്ന്ന നിലയിലായെന്നും ഇനി കുറേ കൂടി മികച്ച വളർച്ച പ്രതീക്ഷിക്കാമെന്നും ദാസ് പറഞ്ഞു. എങ്കിലും 2024-25 ലെ ജിഡിപി വളർച്ച പ്രതീക്ഷ ഗണ്യമായി കുറച്ചു. 7.2 ശതമാനത്തിൽ നിന്ന് 6.6 ശതമാനത്തിലേക്ക്. നാലു വർഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന വളർച്ചയാകും ഇത്. മൂന്നാം പാദ വളർച്ച പ്രതീക്ഷ 7.4-ൽ നിന്ന് 6.8 ശതമാനമായി കുറച്ചു. നാലാം പാദ വളർച്ച പ്രതീക്ഷ 7.2 ശതമാനമാണ്. അടുത്ത ധനകാര്യ വർഷം ഒന്നാം പാദത്തിൽ 6.9 ഉം രണ്ടിൽ 7.3 ഉം ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
ചില്ലറ വിലക്കയറ്റം ഇക്കൊല്ലം 4.5 ശതമാനം ആയിരിക്കുമെന്ന മുൻ അനുമാനം മാറ്റി 4.8 ശതമാനമാക്കി. മൂന്നാം പാദത്തിൽ 48 ൽ നിന്ന് 5.7 ഉം നാലിൽ 4.2 ൽ നിന്നു 4.5 ഉം ശതമാനമായി വിലക്കയറ്റ പ്രതീക്ഷ ഉയർത്തി. അടുത്ത ധനകാര്യ വർഷം രണ്ടാം പാദത്തിലേക്കു ചില്ലറ വിലക്കയറ്റം നാലു ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ.
ഈടില്ലാതെ രണ്ടു ലക്ഷം രൂപവരെ കാർഷിക വായ്പ നൽകാൻ അനുവദിക്കുമെന്നു ഗവർണർ പറഞ്ഞു.
സാധാരണ പണനയ പ്രഖ്യാപനങ്ങൾ മഹാത്മാഗാന്ധിയെ ഉദ്ധരിച്ചു കൊണ്ട് അവസാനിപ്പിച്ചിരുന്ന ദാസ് ഇത്തവണ നേതാജി സുഭാഷ് ചന്ദ്ര ബോസിനെയാണ് ഉദ്ധരിച്ചത്.
രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ എട്ടു പൈസ താഴ്ന്ന് 84.65 രൂപയിൽ ഓപ്പൺ ചെയ്തു. പണനയ പ്രഖ്യാപനത്തെ തുടർന്ന് 84.57 രൂപയിലേക്കു താഴ്ന്ന ഡോളർ പിന്നീട് 84.62 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ രാവിലത്തെ ഇടിവിനു ശേഷം അൽപം കയറി ഔൺസിന് 2640 ഡോളർ ആയി. കേരളത്തിൽ ആഭരണ സ്വർണം പവന് 200 രൂപ കുറഞ്ഞ് 56,920 രൂപയായി.
ക്രൂഡ് ഓയിൽ താഴ്ന്ന നിലയിൽ കയറിയിറങ്ങുന്നു. ബ്രെൻ്റ് ഇനം 71.98 ഡോളറിൽ എത്തി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it