സൂചികകൾ ഉയരത്തിൽ, 25,000 കടന്ന് നിഫ്റ്റി; നാലാം ദിവസവും നേട്ടത്തില്‍ ബജാജ് ഓട്ടോ

ഉയർന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ഇന്ന് ചാഞ്ചാട്ടത്തിനു ശേഷം കയറ്റം തുടരുന്നു. നിഫ്റ്റി 25,000 നു മുകളിൽ വ്യാപാരം തുടങ്ങി 25,072 വരെ കയറി. പിന്നീട് താഴ്ന്നിട്ടു വീണ്ടും കയറി. സെൻസെക്സ് 81,987 വരെ ഉയർന്നിട്ടു താണു.

ടാറ്റാ മോട്ടോഴ്സ് അടക്കം വാഹന കമ്പനികൾ ഇന്നു താഴ്ചയിലാണ്. എന്നാൽ ബജാജ് ഓട്ടോ കുതിപ്പ് തുടർന്നു. ബാങ്ക് നിഫ്റ്റി ഉയർന്നു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഉയർന്നു നീങ്ങുന്നു.
ആഗോള വിപണിയിൽ ലോഹങ്ങളുടെ വില ഉയർന്ന പശ്ചാത്തലത്തിൽ സ്‌റ്റീൽ അടക്കം ലോഹകമ്പനികളുടെ വില വർധിച്ചു. ടാറ്റാ സ്‌റ്റീൽ രണ്ടര ശതമാനം വരെ ഉയർന്നു.
കമ്പനിയെ ലാഭപാതയിലാക്കുന്നതിന് മുൻഗണന നൽകുമെന്ന് ചെയർമാൻ വിജയ് ശേഖർ ശർമ പറഞ്ഞത് പേയ്ടിഎം ഓഹരിയെ ഒന്നര ശതമാനം ഉയർത്തി. ബ്രിട്ടീഷ് സർക്കാർ കമ്പനിക്ക് 50 കോടി പവൻ ഗ്രാൻ്റ് അനുവദിച്ചതും നേട്ടത്തിനു കാരണമായി.
ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നത് ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കു റെക്കോർഡ് ലാഭത്തിനു വഴി തെളിക്കും എന്ന് വിദേശ ബ്രോക്കറേജ് ഇൻവെസ്ടെക് വിലയിരുത്തി. കമ്പനികളുടെ ലക്ഷ്യവില അവർ ഉയർത്തി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്ധനവില കുറച്ചാൽ ലാഭം കുറയും എന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു.
അദാനി പവർ അടക്കം ഇന്ത്യൻ കമ്പനികളുമായുള്ള കരാറുകൾ ബംഗ്ലാദേശ് ഭരണകൂടം പുന:പരിശോധിക്കും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദാനി പവറിന് വെെദ്യുതി വിലയിൽ 80 കോടി ഡോളർ കുടിശിക കിട്ടാനുണ്ട്. എങ്കിലും വെെദ്യുതി നൽകുന്നുണ്ട്. അദാനി പവർ ഓഹരി ഒരു മാസമായി താഴോട്ടാണ്.
രൂപ ഇന്നു തുടങ്ങിയതു നേട്ടത്തിലാണ്. പക്ഷേ വേഗം തന്നെ താഴ്ന്നു. ഡോളർ രണ്ടു പൈസ കുറഞ്ഞ് 83.96 രൂപയിൽ ഓപ്പൺ ചെയ്തിട്ട് 83.98 ലേക്കു കയറി.
സ്വർണം ലോക വിപണിയിൽ 2518 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയായി.
ക്രൂഡ് ഓയിൽ നേരിയ തോതിൽ ഉയർന്നു. ബ്രെൻ്റ് ഇനം 71.06 ഡോളറിലേക്കു കയറി.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it