റെക്കോഡ് തിരുത്തി വ്യാപാരം, പിന്നീട് ചാഞ്ചാട്ടം; ഫാക്ട്‌ കുതിപ്പ് തുടരുന്നു, ഓഹരി വില്‍പ്പനയില്‍ തളര്‍ന്ന്‌ ഇന്‍ഡസ് ടവര്‍

ചെറിയ നേട്ടത്തില്‍ തുടങ്ങി കൂടുതല്‍ ഉയരത്തില്‍ മുഖ്യ സൂചികകള്‍ എത്തി. ഇടയ്ക്കു വില്‍പന സമ്മർദ്ദം മൂലം സൂചികകള്‍ ചാഞ്ചാട്ടത്തിലായി.

റെക്കോഡ് തിരുത്തിയാണ് വിപണി വ്യാപാരം തുടങ്ങിയത്. ബാങ്ക് നിഫ്റ്റി ഇന്നു രാവിലെ 1.6 ശതമാനം വരെ കയറി റെക്കോഡ് കുറിച്ചു. 51,215നു മുകളിലെത്തി ബാങ്ക് നിഫ്റ്റി. ധനകാര്യ കമ്പനികളുടെ സൂചിക ഒരു ശതമാനത്തോളം കയറി.
റിയല്‍റ്റി സൂചിക 2.55 ശതമാനം ഇടിഞ്ഞു. ഐ.ടി, മെറ്റല്‍, ഓട്ടോ, എഫ്.എം.സി.ജി, മീഡിയ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകള്‍ താഴ്ചയിലാണ്.

രാസവള കമ്പനികള്‍ നേട്ടത്തിൽ

രാസവള കമ്പനികള്‍ ഇന്നു രാവിലെ കയറ്റത്തിലായി. കാര്‍ഷിക സബ്‌സിഡി വര്‍ധിപ്പിക്കും എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. ഫാക്ട്‌ എട്ടു ശതമാനം ഉയര്‍ന്നു. രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്‌

പത്തും നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്‌ എട്ടും ചംബല്‍ ഏഴും സ്പിക് അഞ്ചും സുവാരി അഗ്രോ നാലരയും ശതമാനം കയറി.

ഇന്‍ഡസ് ടവേഴ്‌സിലെ തങ്ങളുടെ 20 ശതമാനം ഓഹരി വോഡഫോാണ്‍ പി.എല്‍.സി വിറ്റു. മൊത്തം 17,050 കോടി രൂപയുടെ ഓഹരി ബ്ലോക്ക് ഡീലുകളായി വില്‍ക്കുകയായിരുന്നു. ഇന്‍ഡസ് ടവേഴ്‌സ് ഓഹരി ഏഴു ശതമാനം താണു.
പരസ് ഡിഫന്‍സ് ഓഹരി ഇന്ന് 10 ശതമാനം കുതിച്ച് 1,527 രൂപ വരെ ഉയര്‍ന്നു. അഞ്ചു ദിവസം കൊണ്ട് 65 ശതമാനം കയറിയ കമ്പനി ഒരു വര്‍ഷം കൊണ്ട് മൂന്നിരട്ടി വിലയിലായി.
പ്രതിരോധ കമ്പനി ഓഹരികള്‍ രാവിലെ ഉയര്‍ന്നു വ്യാപാരം തുടങ്ങിയിട്ടു നഷ്ടത്തിലേക്കു മാറി. എച്ച്.എ.എല്‍, ബെല്‍, ഭെല്‍, കൊച്ചിന്‍ ഷിപ്പ്‌യാഡ്, മസഗോണ്‍ ഡോക്ക്, ഗാര്‍ഡന്‍ റീച്ച്, തുടങ്ങിയവ മൂന്നു ശതമാനത്തിലധികം താഴെയായി.
യാത്ര-താമസ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഇക്‌സിഗോ, അഭിബസ് എന്നിവയുടെ മാതൃ കമ്പനി ലെ ട്രാവെന്യൂസ് ടെക് ഇന്നു 16 ശതമാനം വരെ കുതിച്ചു. 93 രൂപയ്ക്ക് ഐ.പി.ഒ നടത്തിയ കമ്പനി ഇന്നലെ 45 ശതമാനം പ്രീമിയത്തില്‍ 135 രൂപയിലാണു വ്യാപാരം ആരംഭിച്ചത്. ഇന്നു വില 197 രൂപയില്‍ എത്തിയിട്ടു താണു.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ ഇന്നു രാവിലെ നേട്ടത്തിലാണ്. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.38 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് ഡോളര്‍ 83.34 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ 2,328 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ലാതെ 52,960 രൂപയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ കയറ്റം തുടരുകയാണ്. ബ്രെന്റ് ഇനം ബാരലിന് 85.36 ഡോളറില്‍ എത്തി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it