ചാഞ്ചാട്ടം, പിന്നെ ഇടിവ്, ഇൻഫോസിസ്, മൈൻഡ് ട്രീ ഓഹരികള്‍ നഷ്ടത്തില്‍; രൂപയും ദുർബലം

നേരിയ ഉയർച്ചയിൽ വ്യാപാരം തുടങ്ങിയ വിപണി ആദ്യം താഴ്ന്നു, പിന്നീടു കയറി. വീണ്ടും കുത്തനേ താണു.
നിഫ്റ്റി 23,812 വരെ താഴുകയും 24,065 വരെ കയറുകയും ചെയ്തു. സെൻസെക്സ് 79,587 വരെ ഉയർന്നിട്ട് 78,673 വരെ താഴ്ന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 130-ഉം സെൻസെക്സ് 500 -ഉം പോയിൻ്റ് നഷ്ടത്തിലാണ്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴ്ന്നു നീങ്ങുന്നു. ബാങ്ക് നിഫ്റ്റി മുക്കാൽ ശതമാനം താഴ്ന്നു
മീഡിയ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ് എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ താഴ്ചയിലായിരുന്നു.
ആഗോള ഐടി സേവന കമ്പനിയായ ആക്സഞ്ചറിൻ്റെ മികച്ച റിസൽട്ടുംമികച്ച വരുമാന പ്രതീക്ഷയും ഇന്ത്യൻ ഐടി സേവന കമ്പനികളെ ഉയർത്തി. ടിസിഎസ് രണ്ടര ശതമാനം വരെ ഉയർന്നു. പിന്നീടു നേട്ടം കുറഞ്ഞു. ഇൻഫോസിസ് അടക്കം പല കമ്പനികളും നഷ്ടത്തിലുമായി. മിഡ് ക്യാപ് ഐടി കമ്പനികൾ കൂടുതൽ നേട്ടം ഉണ്ടാക്കി. മൈൻഡ് ട്രീ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
കാർഷിക കെമിക്കലുകളുടെ ബിസിനസ് പ്രത്യേക കമ്പനിയാക്കി മാറ്റാൻ തീരുമാനിച്ച ബിഎഎസ്എഫ് ഓഹരി ഏഴു ശതമാനം കുതിച്ചു.
ബാറ്ററി ടെക്നോളജി സംബന്ധിച്ച് ഹ്യുണ്ടായി മോട്ടോർ കമ്പനിയുമായി കരാർ ഉണ്ടാക്കിയ അമര രാജ ബാറ്ററീസ് രണ്ടു ശതമാനം വരെ ഉയർന്നു.
എഫ് ആൻഡ് ഒ വിലക്ക് നീങ്ങിയ ആർ ബി എൽ ബാങ്ക് അഞ്ചു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു തുടക്കത്തിൽ അൽപം നേട്ടം ഉണ്ടാക്കി. ഡോളർ ഒരു പൈസ നഷ്ടപ്പെട്ട് 85.06 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.10 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 2598 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയായി.
ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം 72.47 ഡോളർ ആയി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it