വിപണി കുതിപ്പില്‍; അദാനി ഗ്രൂപ്പിന് ചാഞ്ചാട്ടം, തിരിച്ചു കയറാനുള്ള ശ്രമത്തില്‍

നേട്ടത്തോടു കൂടി രാവിലെ വ്യാപാരം ആരംഭിച്ച വിപണി പിന്നീടു കൂടുതൽ ഉയർന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടും മുൻപ് നിഫ്റ്റി 23,607 വരെയും സെൻസെക്സ് 77,990 വരെയും കയറി. മീഡിയ ഒഴികെ എല്ലാ മേഖലകളും ഇന്നു നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 1.15 ശതമാനം വരെ കയറി.
ഇന്നലെ വിപണിയെ താഴ്ത്തിയ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു രാവിലെ താഴ്ന്നാണു വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീടു നഷ്ടം കുറച്ചു. ചിലത് അൽപ സമയം നേട്ടത്തിലാകുകയും ചെയ്തു. ഇന്നു 12 ശതമാനം ഇടിഞ്ഞ അദാനി ഗ്രീൻ എനർജി പിന്നീട് 10 ശതമാനത്തിലേക്കു നഷ്ടം കുറച്ചു. അദാനി എനർജി സൊലൂഷൻസ് എട്ടു ശതമാനം ഇടിഞ്ഞു. അദാനി എൻ്റർപ്രൈസസ് നാലു ശതമാനം നഷ്ടത്തിലാണ്. പോർട്സ്, പവർ, വിൽമർ, ടോട്ടൽ എന്നിവ മൂന്നു മുതൽ നാലുവരെ ശതമാനം താഴ്ചയിലായി.

ഇന്ത്യയിലെ ₹2,000 കോടി കൈക്കൂലിക്ക് കേസ് യു.എസില്‍! അതെങ്ങനെ?

അദാനി ഗ്രൂപ്പിനു വലിയ തുക വായ്പ നൽകിയിട്ടുള്ള പൊതുമേഖലാ ബാങ്കുകൾ ഇന്നു കയറ്റത്തിലാണ്. ഇന്നലെ അവ ഇടിഞ്ഞിരുന്നു.
അദാനിയുടെ രക്ഷകനായി കഴിഞ്ഞ വർഷം വന്ന രാജീവ് ജയിനിൻ്റെ ജിക്യുജി പാർട്നേഴ്സിൻ്റെ ഓഹരിവില ഇന്ന് ഉയർന്നു. ഓസ്ട്രേലിയയിലെ സിഡ്നി എക്സ്ചേഞ്ചിൽ ജിക്യുജി ഓഹരി 12 ശതമാനം വരെ ഉയർന്നിട്ട് നേട്ടം അഞ്ചു ശതമാനമായി കുറഞ്ഞു. കമ്പനി 10 കോടി ഓസ്ട്രേലിയൻ ഡോളർ ഓഹരി തിരിച്ചു വാങ്ങാൻ നീക്കിവച്ചതിനെ തുടർന്നാണ് ഓഹരി കയറിയത്. ഇന്നലെ 26 ശതമാനം ഇടിഞ്ഞതാണ്.
അദാനി ഗ്രൂപ്പിലെ അഞ്ചു കമ്പനികളുടെ ക്രെഡിറ്റ് റേറ്റിംഗ് പ്രതീക്ഷ താഴ്ത്തിയതായി റേറ്റിംഗ് ഏജൻസി എസ് ആൻഡ് പി അറിയിച്ചു. യുഎസ് കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആർ ശരിയെന്നു തെളിഞ്ഞാൽ കമ്പനികളുടെ ധനകാര്യനില അപായത്തിലാകുമെന്ന് ഏജൻസി വിലയിരുത്തി.
മഹാനഗർ ഗ്യാസ് വിതരണം ചെയ്യുന്ന ഗ്യാസിൻ്റെ വില കിലോഗ്രാമിന് രണ്ടു രൂപ വർധിപ്പിച്ചു. ഓഹരി മൂന്നു ശതമാനം ഉയർന്നു.
മോർഗൻ സ്റ്റാൻലിയും ജെപി മോർഗനും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയെ വാങ്ങൽ പട്ടികയിൽ പെടുത്തി. ലക്ഷ്യവിലയും കൂട്ടി. ജെപി മോർഗൻ 1648 രൂപയും മോർഗൻ സ്റ്റാൻലി 1662 രൂപയാണു ലക്ഷ്യവിലയായി പറഞ്ഞത്. റിലയൻസ് ഓഹരി അൽപം ഉയർന്ന് 1230 രൂപയിൽ എത്തി.
സ്ട്രാഡാ ഇന്ത്യയുടെ ഇടപാടുകാർക്ക് സോഫ്‌റ്റ്‌വെയർ ആസ്.എ സർവീസ് പ്ലാറ്റ്ഫോമും പേമെൻ്റ്, കാർഡ് ഉൽപന്നങ്ങളും നൽകാൻ കരാർ ഉണ്ടാക്കിയ സാഗ്ൾ പ്രീപെയ്ഡ് കമ്പനിയുടെ ഓഹരി അഞ്ചു ശതമാനം ഉയർന്നു. മികച്ച വരുമാന, ലാഭ വളർച്ചകൾ കാണിച്ച റിസൽട്ട് പ്രസിദ്ധീകരിച്ച ശേഷം കമ്പനി ഓഹരി ദിവസവും കയറി. കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് ഓഹരി 16 ശതമാനം ഉയർന്നു.
രൂപ ഇന്നു നേരിയ നേട്ടത്തിലാണ്. ഡോളർ ഇന്നലത്തെ ക്ലോസിംഗ് നിരക്കായ 84.49 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.48 രൂപയായി.
ലോകവിപണിയിൽ സ്വർണം കയറ്റം തുടരുകയാണ്. രാവിലെ ഔൺസിന് 2689 ഡോളറിലേക്കു വില കയറി. പിന്നീട് അൽപം കുറഞ്ഞ് 2685 ഡോളർ ആയി. കേരളത്തിൽ ആഭരണ സ്വർണം പവന് 640 രൂപ വർധിച്ച് 57,800 രൂപയായി. അഞ്ചു ദിവസം കൊണ്ടു പവന് 2320 രൂപ വർധിച്ചു.
ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ബ്രെൻ്റ് ഇനം 74.62 ഡോളർ വരെ എത്തി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it