Begin typing your search above and press return to search.
ഉയര്‍ന്നു തുടങ്ങിയിട്ട് വിപണി നഷ്ടത്തിലേക്ക്; സെന്‍സെക്‌സ് 80,000ന് താഴെ, അദാനി ഓഹരികള്‍ക്ക് വീഴ്ച
ഇന്ത്യന്‍ വിപണി ഇന്നു രാവിലെ നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യ സൂചികകള്‍ ഗണ്യമായ നഷ്ടത്തിലാണ്. ബാങ്ക് നിഫ്റ്റിയും നഷ്ടത്തിലായി.
24,343ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 24,207 വരെ താഴ്ന്നിട്ട് 24,260 വരെ കയറി. പിന്നീട് 24,170ന് താഴെയായി. സെന്‍സെക്‌സ് 80,415ല്‍ വ്യാപാരം തുടങ്ങിയിട്ട് 80,482 വരെ കയറുകയും 80,059 വരെ താഴുകയും ചെയ്തു. പിന്നീട് 79,940ന് താഴെ എത്തി. വിപണി ചാഞ്ചാട്ടം തുടരുമെന്നാണു സൂചന.
റിയല്‍റ്റിയും ഐടിയും മെറ്റലും ആണ് വിപണിയെ ഉയര്‍ത്തി നിര്‍ത്തിയത്. ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ നഷ്ടത്തിലായി.
തുടക്കത്തില്‍ ഉയര്‍ന്നെങ്കിലും അദാനി ഗ്രൂപ്പ് കമ്പനികള്‍ പിന്നീട് താഴ്ചയിലായി. അദാനി ഗ്രീന്‍ എട്ടും പവര്‍ മൂന്നും എനര്‍ജി അഞ്ചും ടോട്ടല്‍ ഗ്യാസ് മൂന്നും എന്റര്‍പ്രൈസസ് മൂന്നരയും വില്‍മര്‍ രണ്ടരയും എന്‍ഡിടിവി ഒന്നരയും ശതമാനം താഴ്ന്നു. എസിസി ഒന്നും അംബുജ സിമന്റ് ഒന്നരയും ശതമാനം നഷ്ടത്തിലായി. അദാനി ഗ്രൂപ്പില്‍ വലിയ നിക്ഷേപമുള്ള ജിക്യുജി പാര്‍ട്‌നേഴ്‌സ് ഓഹരി സിഡ്‌നിയില്‍ രാവിലെ നന്നായി ഉയര്‍ന്നെങ്കിലും ഉച്ചയ്ക്കു ശേഷം അര ശതമാനം മാത്രം നേട്ടത്തിലാണ്. അഞ്ചു ദിവസം കൊണ്ട് ഓഹരി 14 ശതമാനം നഷ്ടം കാണിച്ചു.
2022ന് മുന്‍പു വാങ്ങിയ സ്‌പെക്ട്രത്തിന് ബാങ്ക് ഗാരന്റി വ്യവസ്ഥ റദ്ദാക്കാന്‍ കേന്ദ്ര കാബിനറ്റ് ഇന്നലെ തീരുമാനിച്ചു. ഇതിന്റെ വലിയ ഗുണഭോക്താവായ വോഡഫോണ്‍ ഐഡിയയുടെ ഓഹരി വില 18 ശതമാനം കുതിച്ചു. എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവയും ഗുണഭാേക്താക്കളാണ്. ഇന്‍ഡസ് ടവേഴ്‌സ് അഞ്ചു ശതമാനം ഉയര്‍ന്നു.
ഐസ്‌ക്രീം ബിസിനസ് വേര്‍തിരിച്ച് ലിസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ ഓഹരി രണ്ടു ശതമാനം കയറി.
7927 കോടി രൂപയുടെ റെയില്‍വേ പ്രോജക്ടുകള്‍ക്കു കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കി. ആര്‍വിഎന്‍എല്‍ അടക്കം പൊതുമേഖലയിലെ റെയില്‍വേ കമ്പനികള്‍ നേട്ടം ഉണ്ടാക്കി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി ഇന്നും അഞ്ചു ശതമാനം ഉയര്‍ന്നു.
പവര്‍ഗ്രിഡ് കോര്‍പറേഷനില്‍ നിന്ന് വലിയ പവര്‍ ലൈന്‍ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഹിറ്റാച്ചി എനര്‍ജി ഓഹരി എട്ടു ശതമാനം ഉയര്‍ന്നു.
രൂപ, സ്വർണം, ക്രൂഡ്
1945 കോടി രൂപ ആദായനികുതി വകുപ്പ് തിരിച്ചു നല്‍കിയതിനെ തുടര്‍ന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ഓഹരി അഞ്ചു ശതമാനം കയറി.
രൂപ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ അഞ്ചു പൈസ കുറഞ്ഞ് 84.24 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.22 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2630 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 960 രൂപ കുറഞ്ഞ് 56,640 രൂപയായി.
ക്രൂഡ് ഓയില്‍ ചെറിയ തോതില്‍ ഉയര്‍ന്നു. ബ്രെന്റ് ഇനം 73.28 ഡോളറില്‍ എത്തി.
Next Story
Videos