Begin typing your search above and press return to search.
വിപണി ഉയരുന്നു; ഐ.ടിയിലും പഞ്ചസാരയിലും കയറ്റം, അനില്‍ അംബാനി കമ്പനികളും മുന്നേറ്റത്തില്‍
നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം ഉയരത്തിലേക്കു നീങ്ങി. നിഫ്റ്റി 26,271.85 വരെയും സെന്‍സെക്‌സ് 85,966.03 വരെയും ഉയര്‍ന്നു റെക്കോര്‍ഡ് തിരുത്തി.
ബാങ്ക്, ധനകാര്യ ഓഹരികള്‍ ഇന്നു രാവിലെ നഷ്ടത്തിലായി.
ഐ.ടി സേവനമേഖലയിലെ വമ്പനായ ആക്‌സഞ്ചര്‍ ബിസിനസ് വരുമാന പ്രതീക്ഷ ഉയര്‍ത്തിയത് ഐടി കമ്പനികള്‍ക്കു കരുത്തായി. ഐ.ടി സൂചിക രാവിലെ രണ്ടു ശതമാനത്തോളം ഉയര്‍ന്നു. ഇന്‍ഫോസിസ് നാലു ശതമാനം കയറി.
ടെക് മഹീന്ദ്ര, വിപ്രോ, കോഫോര്‍ജ്, മൈന്‍ഡ് ട്രീ, എംഫസിസ് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം നേട്ടത്തിലാണ്. ടി.സി.എസ് നേട്ടം ഒരു ശതമാനത്തില്‍ ഒതുങ്ങി.
ചൈനീസ് ഉത്തേജകത്തിന്റെ ബലത്തില്‍ മെറ്റല്‍ കമ്പനികള്‍ ഇന്നും ഉയര്‍ന്നു. ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, നാല്‍കോ തുടങ്ങിയവ നല്ല നേട്ടത്തിലായി.
മിഡ് ക്യാപ് - സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നു തുടക്കം മുതല്‍ നേട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവ താഴ്ചയിലായിരുന്നു.
156 കോടി രൂപയുടെ കരാര്‍ ലഭിച്ചതിനെ തുടര്‍ന്നു റെയില്‍ടെല്‍ ഓഹരി രണ്ടു ശതമാനം ഉയര്‍ന്നു.
ബാങ്കുമായുള്ള കടം ഒറ്റത്തവണ തീര്‍പ്പാക്കലിനു കരാറായത് പി.സി ജ്വല്ലേഴ്‌സ് ഓഹരിയെ അഞ്ചു ശതമാനം കയറ്റി.
റിലയന്‍സ് പവര്‍ ഇന്നും അഞ്ചു ശതമാനം ഉയര്‍ന്നു. രണ്ടാഴ്ച കൊണ്ട് ഓഹരി 50 ശതമാനം കുതിച്ചു. രണ്ടാഴ്ച കൊണ്ട് 60 ശതമാനം ഉയര്‍ന്ന റിലയന്‍സ് ഇന്‍ഫ്രാ ഇന്ന് ഒരു ശതമാനം കയറി.
അനില്‍ അംബാനിയുടെ റിലയന്‍സ് കാപ്പിറ്റലിനു കീഴിലുള്ള റിലയന്‍സ് ഹോം ഫിനാന്‍സ് മൂന്നാഴ്ച കൊണ്ട് 70 ശതമാനം കയറി 5.56 രൂപയില്‍ എത്തി.
പഞ്ചസാര ഓഹരികള്‍ ഇന്ന് ഏഴു ശതമാനം വരെ ഉയര്‍ന്നു. പഞ്ചസാരയുടെ കുറഞ്ഞ വില്‍പനവിലയും എഥനോള്‍ വിലയും ഉയര്‍ത്താന്‍ കേന്ദ്രം ആലോചിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് കാരണം. ബല്‍റാംപുര്‍ ചീനി, ധാംപുര്‍, ബജാജ് ഹിന്ദുസ്ഥാന്‍, ഇ.ഐ.ഡി പാരി, ശ്രീ രേണുക, ഡാല്‍മിയ ഭാരത്, രാജശ്രീ, ബന്നാരി അമ്മന്‍, ശക്തി തുടങ്ങിയവ കുതിച്ചു.
രൂപ ഇന്ന് നിരക്കുമാറ്റം ഇല്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 83.64 ഡോളറില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2673 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ച് 56,800 രൂപ ആയി.
ക്രൂഡ് ഓയില്‍ താഴ്ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 71.41 ഡോളറിലാണ്.
Next Story