വിപണി വീണ്ടും താഴോട്ട്; ഭാഗികമായി തിരിച്ചുകയറി റിയല്‍റ്റി, 5% ശതമാനം ഇടിഞ്ഞ് ഐ.ആര്‍.സി.ടി.സി

വിപണി കുത്തനെ താഴ്ന്നു തുടങ്ങി. താഴ്ന്നു തന്നെ തുടരുന്നു. ബാങ്ക് മേഖല ഇടിവിനു നേതൃത്വം നല്‍കി. നിഫ്റ്റി 22,800നും സെന്‍സെക്‌സ് 74,750നും താഴെയായി.

പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി ഇന്നു കുത്തനെ താണു. റെയില്‍വേ ഓഹരികളും താഴ്ന്നു. റൈറ്റ്‌സിന്റെ മോശം റിസല്‍ട്ടില്‍ വരുമാനം ഏഴു ശതമാനം കുറഞ്ഞു. ലാഭ മാര്‍ജിനില്‍ രണ്ടു ശതമാനം കുറവുണ്ടായി. ഓഹരി ഒരു ശതമാനം താണു. ഐ.ആര്‍.സി.ടി.സി ഓഹരി അഞ്ചു ശതമാനം താഴ്ചയിലാണ്. റെയില്‍വേയ്ക്കും മറ്റും ഫ്‌ളോറിംഗിനു വിനൈല്‍ ഷീറ്റുകള്‍ നല്‍കുന്ന റെസ്‌പോണ്‍സീവ് ഇന്‍ഡസ്ട്രീയുടെ മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ഓഹരി നാലര ശതമാനം കയറി.
സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കുകള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എംടാര്‍ ടെക്‌നോളജീസ് റിസല്‍ട്ട് വരാനിരിക്കെ ഇന്നു രാവിലെ 10 ശതമാനം ഇടിഞ്ഞു. 2,923 രൂപവരെ മുമ്പ് ഉയര്‍ന്നിട്ടുള്ള ഓഹരി പിന്നീട് 30 ശതമാനം താഴ്ന്നതാണ്.
അദാനി കരുത്തിൽ പേയ്ടിഎം

പേയ്ടിഎമ്മില്‍ പ്രൊമോട്ടര്‍ വിജയ് ശേഖര്‍ ശര്‍മയുടെ ഓഹരി വാങ്ങാന്‍ അദാനി ഗ്രൂപ്പ് ചര്‍ച്ച ആരഭിച്ചതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പേയ്ടിഎമ്മിന്റെ മാതൃകമ്പനി വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു. അദാനി ഗ്രൂപ്പ് ധനകാര്യ മേഖലയിലേക്കു കടക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വലിയ താഴ്ചയിലായിരുന്ന റിയല്‍റ്റി മേഖല ഇന്നു ഭാഗികമായി തിരിച്ചു കയറി. ബ്രിഗേഡ് എന്റര്‍പ്രൈസസ് 4.75 ശതമാനവും സണ്‍ടെക്ക് 4.25 ശതമാനവും ഉയര്‍ന്നു.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നു കൂടുതല്‍ ദുര്‍ബലമായി. ഡോളര്‍ 83.22 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 83.27 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ 2,452 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കൂടി 53,680 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ കയറ്റം തുടരുന്നു. ബ്രെന്റ് ഇനം 84.42 ഡോളറിലാണ്.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it