വിപണി ഇടിവിൽ; ഹിൻഡാൽകോ, അദാനി എനർജി നഷ്ടത്തില്‍, അപ്പോളോ ഹോസ്പിറ്റൽസ് നേട്ടത്തില്‍; രൂപ ദുർബലം

മുഖ്യ സൂചികകൾ ഒരു ശതമാനത്തിലധികം ഇടിവിലായി

ട്രംപിൻ്റെ വിജയത്തെ തുടർന്നുള്ള ആവേശം വിപണി കൈവിടുകയാണ്. ചെറിയ താഴ്ചയിൽ ഇന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതൽ താഴ്ന്നു. മുഖ്യ സൂചികകൾ ഒരു ശതമാനത്തിലധികം ഇടിവിലായി.
സെൻസെക്സ് 79,530 വരെയും നിഫ്റ്റി 24,203 വരെയും താഴ്ന്നിട്ട് അൽപം നഷ്ടം കുറച്ചു. മിഡ് ക്യാപ് സൂചിക തുടക്കത്തിൽ കയറ്റത്തിലായിരുന്നിട്ടു താഴ്ചയിലേക്കു മാറി. ബാങ്ക് നിഫ്റ്റി ഒരു ശതമാനം താഴ്ന്നു. ധനകാര്യ കമ്പനികളും വലിയ ഇടിവിലാണ്.
വിദേശ ഉപകമ്പനിയായ നൊവേലിസിൻ്റെ രണ്ടാം പാദ പ്രകടനം മോശമായതു ഹിൻഡാൽകോയ്ക്കു ക്ഷീണമായി. കമ്പനി ലാഭപ്രതീക്ഷ താഴ്ത്തി. ഓഹരി ഏഴു ശതമാനം താഴ്ന്നു.
അപ്പോളോ ഹോസ്പിറ്റൽസ് രണ്ടാം പാദത്തിൽ പ്രതീക്ഷയേക്കാൾ മികച്ച വരുമാനവും ലാഭവും ഉണ്ടാക്കിയതിനെ തുടർന്ന് ഓഹരി ഏഴു ശതമാനം ഉയർന്നു.
അദാനി എനർജി സൊലൂഷൻസ് ഓഹരി ഇന്നു രാവിലെ പത്തു ശതമാനം വരെ താഴ്ന്നു. മറ്റ് അദാനി ഗ്രൂപ്പ് ഓഹരികളും ഇന്നു നഷ്ടത്തിലാണ്. അദാനി എൻ്റർപ്രൈസസ് മൂന്നു ശതമാനത്തിലധികം താഴ്ന്നു.
വിറ്റുവരവ് 39 ശതമാനവും അറ്റാദായം 140 ശതമാനവും വർധിപ്പിച്ച അവലോൺ ടെക്നോളജീസ് ഓഹരി 17 ശതമാനം കുതിച്ച് 694.95 രൂപ എന്ന റെക്കോർഡ് കുറിച്ചു.
ഫെഡറൽ ബാങ്ക് ഓഹരി ഇന്ന് 207.80 രൂപ എന്ന റെക്കോർഡിലേക്കു കയറി. പിന്നീട് അൽപം താഴ്ന്നു.
ലാഭവും ലാഭമാർജിനും കുറഞ്ഞ റെയിൻ ഇൻഡസ്ട്രീസ് ഓഹരി അഞ്ചു ശതമാനം താഴ്ന്നു.
ഗെയിമിംഗ് - കാസിനോ കമ്പനിയായ ഡെൽറ്റാ കോർപറേഷൻ്റെ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. രണ്ടാം പാദത്തിൽ ലാഭവും ലാഭമാർജിനും കുത്തനേ ഇടിഞ്ഞതാണു കാരണം. പിന്നീടു നഷ്ടം കുറച്ചു.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ താഴ്ന്ന് 84.26 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.31 ലേക്കു കയറി.
സ്വർണം ലോക വിപണിയിൽ 2659 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 1320 രൂപ കുറഞ്ഞ് 57,600 രൂപയായി.
ക്രൂഡ് ഓയിൽ കയറ്റം തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 75.60 ഡോളർ ആയി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it