ഏഷ്യന്‍ വിപണികളുടെ വഴിയേ തിരിച്ചുകയറി ഇന്ത്യന്‍ ഓഹരികള്‍
ഇന്ത്യൻ വിപണി നേട്ടത്തിന്റെ പാതയിൽ. രാവിലെ ചെറിയ നേട്ടത്തില്‍ തുടങ്ങി പിന്നീടു 0.40 ശതമാനത്തിലേക്കു വിപണി കയറി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സെന്‍സെക്‌സ് 300 പോയിന്റും നിഫ്റ്റി 90 പോയിന്റും ഉയരത്തിലെത്തി.
ഐ.ടി, റിയല്‍റ്റി, എഫ്.എം.സി.ജി, മീഡിയ, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് തുടങ്ങിയ മേഖലകള്‍ ഇന്നു താഴ്ചയിലാണ്. ഓയില്‍ - ഗ്യാസ്, വാഹന, ബാങ്കിംഗ്, ധനകാര്യ ഓഹരികള്‍ ഉയര്‍ന്നു.
റിലയന്‍സ് റീട്ടെയില്‍ പ്രത്യേക കമ്പനിയാക്കി ലിസ്റ്റ് ചെയ്യുന്നതിന് ഒരുക്കം തുടങ്ങി.
പ്രൊമോട്ടര്‍മാരുടെ പക്കല്‍ അല്ലാതെയുള്ള റിലയന്‍സ് റീട്ടെയിലിന്റെ ഓഹരികള്‍ 1362 രൂപ വീതം നല്‍കി വാങ്ങി കാന്‍സല്‍ ചെയ്യാന്‍ റിലയന്‍സ് തീരുമാനിച്ചു. അനൗപചാരിക വിപണിയില്‍ 2500 രൂപയ്ക്കു മുകളിലായിരുന്നു ഇവ. ഇതില്‍ പണം മുടക്കിയവര്‍ക്കു കമ്പനിയുടെ തീരുമാനം വലിയ തിരിച്ചടിയായി. ഇപ്പോള്‍ 85 ശതമാനം ഓഹരിയാണു പ്രൊമോട്ടര്‍മാരുടെ പക്കലുള്ളത്.
റിലയന്‍സിന്റെ ധനകാര്യ സേവന വിഭാഗവും ലിസ്റ്റ് ചെയ്യുന്നുണ്ട്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പേരില്‍ ധനകാര്യ സേവന വിഭാഗത്തെ വേര്‍തിരിച്ച് കമ്പനിയാക്കാന്‍ കമ്പനികാര്യ ട്രൈബ്യൂണലില്‍ നിന്ന് അനുമതി നേടിക്കഴിഞ്ഞു.
റിലയന്‍സ് ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് ജിയോ ഫിനാന്‍സിന്റെ 10 രൂപ മുഖവിലയുള്ള ഓരോ ഓഹരി കിട്ടും. ജിയോ ഓഹരിക്കു തുടക്കത്തില്‍ 190 രൂപ വിലയുണ്ടാകാം എന്നാണു മോത്തിലാൽ ഓസ്വാള്‍ കണക്കാക്കുന്നത്. റിലയന്‍സ് ഓഹരി ഇന്നു രാവിലെ നാലു ശതമാനത്തിലധികം ഉയര്‍ന്ന് 2740 രൂപയ്ക്കു മുകളിലായി. 2755 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില.
ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ ഒലെക്ട്ര ഗ്രീന്‍ ടെക് കമ്പനി ഇന്നും 11 ശതമാനം ഉയര്‍ന്നു. ഇതോടെ ഒരു മാസത്തിനിടെ ഓഹരിയുടെ കയറ്റം 61 ശതമാനത്തിലധികമായി.
ഹിന്ദുസ്ഥാന്‍ സിങ്ക്
വേദാന്ത ലിമിറ്റഡിന്റെ ഉപകമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്ക് 2023-24 ലേക്ക് ഓഹരി ഒന്നിന് ഏഴു രൂപ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു. 2958 കോടി രൂപ ഇതിനു ചെലവാകും. കമ്പനിയുടെ 65 ശതമാനം ഓഹരി ഉള്ള വേദാന്ത ലിമിറ്റഡിനാകും ഇതിലെ 1920 കോടി രൂപ കിട്ടുക. കടബാധ്യതയില്‍ നട്ടം തിരിയുന്ന വേദാന്ത ഹിന്ദുസ്ഥാന്‍ സിങ്കിനെ പിഴിഞ്ഞെടുക്കുന്നതിന്റെ ഭാഗമാണ് ഈ അസാധാരണ ലാഭവീത പ്രഖ്യാപനം.
മുന്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ റിസര്‍വ് പണം എടുക്കാനായി കുറേ വിദേശ ഖനികള്‍ കമ്പനിക്കു നല്‍കാന്‍ വേദാന്ത നടത്തിയ ശ്രമം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ ശേഷം പലവട്ടം ലാഭ വിഹിത വിതരണം നടത്തി. ലാഭവീതം നല്‍കുമ്പോള്‍ അതില്‍ 29 ശതമാനം കേന്ദ്ര സര്‍ക്കാരിനു കിട്ടും.
265 രൂപയില്‍ ഐ.പി.ഒ നടത്തിയ സിയന്റ് ഡിഎല്‍എം 52 ശതമാനം നേട്ടത്താേടെ 403 രൂപയില്‍ ലിസ്റ്റ് ചെയ്തു.
രൂപ അല്‍പം നേട്ടത്തോടെ തുടങ്ങി. ഡോളര്‍ ഒന്‍പതു പൈസ കുറഞ്ഞ് 82.65 രൂപയിലാണു വ്യാപാരം ആരംഭിച്ചത്. പിന്നീട് 82.55 രൂപയിലേക്കു താഴ്ന്നു. സ്വര്‍ണം ലോക വിപണിയില്‍ 1923 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 43,560 രൂപയായി.