ഓഹരി വിപണി താഴ്ചയില്‍; ടാറ്റാ ടെക്കിന് റെക്കോഡ് തുടക്കം, ഫെഡ്ഫിനയ്ക്ക് നിരാശ
ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ദുർബല തുടക്കം. പിന്നീടു ചെറിയ കയറ്റം. ഒടുവിൽ താഴോട്ടു വീഴ്ച. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 230 പോയിന്റും 50 പോയിന്റും താഴ്ചയിലാണ്. ബാങ്ക്, മെറ്റൽ, റിയൽറ്റി മേഖലകളാണ് വിപണിയെ വലിച്ചു താഴ്ത്തുന്നത്.
രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ ഏഷ്യൻ വിപണികൾ പിന്നീടു നേട്ടത്തിലായത് ഇന്ത്യൻ വിപണിയെ സഹായിച്ചില്ല. 500 രൂപയ്ക്ക് ഐ.പി.ഒ നടത്തിയ ടാറ്റാ ടെക്നോളജീസ് ഓഹരി 140 ശതമാനം നേട്ടത്തോടെ 1,200 രൂപയിൽ ലിസ്റ്റ് ചെയ്തു. 19 വർഷത്തിനു ശേഷം ടാറ്റാ ഗ്രൂപ്പിൽ നിന്നു വന്ന ആദ്യ കമ്പനിക്കു വിപണി വലിയ സ്വീകരണമാണു നൽകിയത്. പിന്നീടു വില 1,400 രൂപ.
ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ് രണ്ടു ശതമാനം താഴ്ന്ന് 138 രൂപയിൽ ലിസ്റ്റ് ചെയ്തു. 169 രൂപയ്ക്ക് ഐ.പി.ഒ നടത്തിയ ഗാന്ധാർ ഓയിൽ റിഫൈനറീസ് 76 ശതമാനം ഉയർന്ന് 298 രൂപയിൽ ലിസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വലിയ നേട്ടം കൈവരിച്ചു ലിസ്റ്റ് ചെയ്ത ഐ.ആർ.ഇ.ഡി.എ ഇന്നും 14 ശതമാനം ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നല്ല കയറ്റം കാണിച്ച ജി.ഐ.സി റീ ഇന്ന് ഏഴു ശതമാനം ഉയർന്നു. കമ്പനിയുടെ റേറ്റിംഗ് ഉയർത്തിയ സാഹചര്യത്തിലാണു കയറ്റം.
കരൂർ വെെശ്യ ബാങ്കിൽ 9.99 ശതമാനം ഓഹരി എടുക്കാൻ എസ്.ബി.ഐ മ്യൂച്വൽ ഫണ്ടിനു റിസർവ് ബാങ്ക് അനുമതി നൽകി. ബാങ്ക് ഓഹരി മൂന്നു ശതമാനം കയറി.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തിയ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു താഴ്ചയിലാണ്.
രൂപ, സ്വർണം, ക്രൂഡ് ഓയിൽ
രൂപ ഇന്നു തുടക്കത്തിൽ കയറി. ഡോളർ മൂന്നു പൈസ താഴ്ന്ന് 83.30 രൂപയിൽ ഓപ്പൺ ചെയ്തു. സ്വർണം ലോക വിപണിയിൽ 2046 ഡോളറിലേക്കു കയറി. കേരളത്തിൽ റെക്കോഡ് സ്വർണവിലയിൽ താഴ്ച, പവന് 480 രൂപ കുറഞ്ഞ് 46,000 രൂപയായി. ക്രൂഡ് ഓയിൽ രാവിലെ കയറിയിട്ടു തിരിച്ചു താഴ്ന്നു. ബ്രെന്റ് ഇനം 82.9 ഡോളറിലായി.
Read Morning News & Stock Market Here : റെക്കാേഡുകൾക്ക് സമീപം ആശങ്കകൾ; വിദേശ സൂചനകൾ നെഗറ്റീവ്; എക്സിറ്റ് പോളും ജി.ഡി.പി കണക്കും നിർണായകം; ഒപെക് തീരുമാനം ഇന്ന്