വിപണിയെ വലിച്ചു താഴ്ത്തി ബാങ്ക് നിഫ്റ്റി
ഓഹരി ചെറിയ താഴ്ചയിൽ തുടങ്ങി. പിന്നീടു ചാഞ്ചാടി. വീണ്ടും താഴ്ന്നു. വ്യാപാരം അരമണിക്കൂർ പിന്നിട്ടപ്പാേഴേക്ക് സെൻസെക്സ് 60,000 നു താഴെയായി. പിന്നീട് സൂചിക 60,100 ലേക്കു തിരിച്ചു കയറി.
ബാങ്ക് നിഫ്റ്റിയാണ് ഇന്നു വിപണിയെ വലിച്ചു താഴ്ത്തിയത്. ലോഹങ്ങളുടെ വില തുടർച്ചയായി താഴുന്ന സാഹചര്യത്തിൽ ലോഹ കമ്പനികൾ താഴ്ന്നു. ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, വേദാന്ത, ജെഎസ്ഡബ്ള്യു സ്റ്റീൽ, കാേൾ ഇന്ത്യ, ജെഎസ്പിഎൽ തുടങ്ങിയവ താഴ്ചയിലായി.
ഏറ്റെടുക്കൽ വിവാദത്തെ തുടർന്ന് ഇന്നലെ വലുതായി ഇടിഞ്ഞ ഇപ്കാ ലാബ്സ് ഇന്ന് അഞ്ചു ശതമാനം താഴ്ചയിലാണ്. നൈകാ ഓഹരി ഇന്നും താഴ്ന്നു. ക്രോംപ്ടൺ ഗ്രീവ്സ് ഓഹരി ഇന്നു നേരിയ കയറ്റത്തിലാണ്. എച്ച്ഡിഎഫ്സി ലെെഫ് ഒഴികെ എച്ച്ഡിഎഫ്സി ഗ്രൂപ്പിലെ കമ്പനികൾ ഇന്നും നഷ്ടത്തിലാണ്.
ഓഹരികൾ
റെയിൽവേയുടെ കമ്പനികൾ ഇന്നും ഉയർന്നു. ആർവിഎൻഎൽ 10 ശതമാനത്തോളം കയറി 114.7 രൂപയിലെത്തി. പിന്നീടു നഷ്ടത്തിലേക്കു വീണു. ഇർകോൺ 6.55 ശതമാനം ഉയർന്നു. ഐആർഎഫ്സി രണ്ടു ശതമാനം കയറി.
ഗുജറാത്ത് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ വർധനയ്ക്കു സഹായകമായ നയപ്രഖ്യാപനം വിപണിക്കു രസിച്ചു. ജിഎസ്എഫ്സി, ഗുജറാത്ത് ആൽക്കലീസ്, ജിഎംഡിസി, ജിഎൻഎഫ്സി, ഗുജറാത്ത് പെട്രാേനെറ്റ് തുടങ്ങിയവ 10 ശതമാനം വരെ ഉയർന്നു.
രൂപ ഇന്നു ദുർബലമായി. ഡോളർ എട്ടു പൈസ കയറി 81.99 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 82.01 രൂപയിലേക്കു കയറിയിട്ട് 81.97 ലേക്കു താണു. ലോകവിപണിയിൽ സ്വർണം 1994 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവന് 80 രൂപ കൂടി 44,760 രൂപയായി.