താഴ്ചയിൽ നിന്നു താഴ്ചയിലേക്ക്, ഓഹരികളും രൂപയും

ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങിയ വിപണി ഉയരാനുള്ള ശ്രമത്തിൽ വിജയിച്ചില്ല. സാവകാശം കൂടുതൽ താഴോട്ടു നീങ്ങി.തുടക്കത്തിൽ 0.4 ശതമാനം ഇടിവിലായിരുന്ന സൂചികകൾ ഒരു മണിക്കൂർ പിന്നിടുമ്പോൾ 0.75 ശതമാനം താഴ്ചയിലായി. ക്രൂഡ് ഓയിൽ വിലക്കയറ്റവും യുഎസ് വിപണിയിലെ ക്ഷീണവുമാണ് ഓഹരികളെ താഴ്ത്തിയത്.

മൂന്നു ദിവസത്തെ കയറ്റത്തിനു ശേഷമുള്ള താഴ്ച ഇന്ന് മിക്ക വ്യവസായ മേഖലകളെയും ബാധിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നല്ല നേട്ടമുണ്ടാക്കിയ ഐടി ഓഹരികൾ ഇന്നു കുത്തനേ താണു. ബാങ്ക്, ധനകാര്യ, വാഹന, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡുറബിൾസ്, മീഡിയ ഓഹരികളും ഇടിവിലായി. ഓയിൽ - ഗ്യാസ് ഓഹരികൾ നേട്ടമുണ്ടാക്കി. ഓയിൽ ഇന്ത്യ നാലു ശതമാനത്തിലധികം ഉയർന്നു.

ടൈറ്റനും ഏഷ്യൻ പെയിൻ്റ്സും നാലു ശതമാനത്തോളം താഴ്ചയിലായി.

ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ച ബജാജ് ഓട്ടാേയുടെ ഓഹരികൾ ഇന്നു തുടക്കത്തിൽ രണ്ടു ശതമാനത്തിലധികം താഴോട്ടു പോയി. പിന്നീടു നഷ്ടം കുറച്ചു.

പുതിയ സ്കാേർപിയോ മോഡൽ അവതരിപ്പിച്ച സാഹചര്യത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരി മൂന്നര ശതമാനത്തോളം ഉയർന്നു. ഏറ്റെടുക്കാൻ തീരുമാനിച്ച സൊമാറ്റോ ഓഹരി ഏഴു ശതമാനത്തോളം ഇടിഞ്ഞു.

ഡോളർ ഇന്നു രാവിലെ 17 പൈസ നേട്ടത്തിൽ 78.51 രൂപയിലാണ് ഓപ്പൺ ചെയ്ത്. പിന്നീട് ഡോളർ 78.63 രൂപയിലെത്തി. രൂപ കൂടുതൽ ദുർബലമാകുമെന്നാണു നിഗമനം. ഡോളർ 80 രൂപ ലക്ഷ്യമിടുന്നതായാണു പൊതു നിഗമനം. പ്രതിദിന ഇടിവ് മിതമാക്കി നിർത്തുന്നതിൽ മാത്രമാണു റിസർവ് ബാങ്ക് ശ്രദ്ധിക്കുന്നത്. രൂപയെ താങ്ങി നിർത്താനുള്ള അമിത പരിശ്രമം വിജയകരമല്ലെന്ന് റിസർവ് ബാങ്ക് കരുതുന്നു.

ലോക വിപണിയിൽ സ്വർണം 1825 ഡോളറിൽ തുടർന്നു. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ തുടരുന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it