ഓഹരി വിപണിയിൽ ആദ്യം വീഴ്ച, പിന്നെ കയറ്റം

ഐടി, ഓയിൽ - ഗ്യാസ് കമ്പനികൾക്കൊപ്പം ബാങ്കുകളും താഴാേട്ടു പോയതോടെ ഇന്ത്യൻ വിപണി ഇന്നു രാവിലെ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. തുടർച്ചയായ ഏഴു ദിവസത്തെ ഉയർച്ചയ്ക്കു ശേഷം മുഖ്യസൂചികകൾ ഒരു തിരുത്തലിൻ്റെ മൂഡിലേക്കു മാറിയതു പോലെ തോന്നിച്ചു. യൂറോപ്യൻ, യുഎസ് വിപണികളുടെ പിന്നാലെ ഏഷ്യൻ വിപണികളും താഴ്ചയിലായത് ഇതിനു പ്രേരണയായി. സെൻസെക്സ് 200 ലധികം പോയിൻ്റ് താണു.

എന്നാൽ വ്യാപാരം പുരോഗമിച്ചപ്പോൾ നിഫ്റ്റി ബാങ്ക് നേട്ടത്തിലായതാേടെ മുഖ്യസൂചികകൾ നഷ്ടം കുറച്ചു. നിഫ്റ്റി 17,900-നും സെൻസെക്സ് 60,100-നും മുകളിലേക്കു കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോഴേക്ക് മുഖ്യസൂചികകൾ നേട്ടത്തിലായി. പിന്നീടു കയറിയിറങ്ങി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നല്ല നേട്ടത്തിലാണ്. ഇൻഡോ-അമെെൻസിൻ്റെ ഓർഗാനിക് കെമിക്കൽ യൂണിറ്റ് വികസിപ്പിക്കുന്നതിനു പരിസ്ഥിതി അനുമതി ലഭിച്ചതായ റിപ്പോർട്ട് ഓഹരി വില 15 ശതമാനം ഉയർത്തി.

സോന ബിഎൽഡബ്ള്യുവിലെ നിക്ഷേപത്തിൽ ഒരു ഭാഗം ഓഹരി ഒന്നിന് 513 രൂപയ്ക്കു ബ്ലാക്ക് സ്റ്റോൺ വിറ്റത് കമ്പനിയുടെ ഓഹരിയെ താഴ്ത്തി. 17.2 ശതമാനം ഓഹരിയാണു വിറ്റത്. ബ്ലാക്ക് സ്റ്റാേണിൻ്റെ പക്കൽ 36 ശതമാനം ഓഹരി ഉണ്ടായിരുന്നു. ഓഹരിവില ആറു ശതമാനത്തിലധികം താണു.

അഡാനി ഗ്രൂപ്പിൽ നിന്ന് 6000-ലധികം കോടിയുടെ ഫ്ലൂ ഗ്യാസ് ഡീ സൾഫറൈസേഷൻ കോൺട്രാക്റ്റ് ലഭിച്ചത് പവർ മെക് കമ്പനിയുടെ ഓഹരി എട്ടു ശതമാനത്തോളം ഉയരാൻ കാരണമായി. ഡൈനാകോൺസ് സിസ്റ്റംസിന് എൽഐസിയിൽ നിന്ന് 105 കോടി രൂപയുടെ ഓർഡർ ലഭിച്ചത് ഓഹരി വില അഞ്ചു ശതമാനം ഉയർത്തി.

രൂപ ഇന്നു ദുർബലമായി. ഡോളർ 15 പൈസ നേട്ടത്തിൽ 79.6 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 79.68 രൂപയിലേക്കു കയറി. ലോക വിപണിയിൽ സ്വർണം 1765 ഡോളറിലാണ്. കേരളത്തിൽ ഇന്നു പവൻ വില മാറ്റമില്ലാതെ 38,320 രൂപയിൽ തുടരുന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it