കോവിഡ് ആശങ്കയിൽ ഉലഞ്ഞു വിപണി, ഡോളർ 75 രൂപ കടന്നു

അനിശ്ചിതത്വം ആശങ്കയ്ക്കു വഴിമാറി. രാജ്യം അപ്പാടെ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളിലേക്കു നീങ്ങുമെന്നാണ് ആശങ്ക. കാരണം കോവിഡ് വ്യാപനം അത്ര വേഗത്തിലാണ്.

സെൻസെക്സ് 600-ലേറെ പോയിൻ്റ് താണാണ് ഇന്നു വ്യാപാരം തുടങ്ങിയത്. പ്രമുഖ ഏഷ്യൻ സൂചികകളും താഴ്ചയിലായിരുന്നു. വ്യാപാരമാരംഭിച്ച ശേഷം ക്രമമായി താഴോട്ടു നീങ്ങി. ഒരു മണിക്കൂറിനകം നിഫ്റ്റി 14,500നു താഴെയും സെൻസെക്സ് 48,300-നു താഴെയുമെത്തി.
ബാങ്ക്, ധനകാര്യ ഓഹരികളാണു തകർച്ചയ്ക്കു മുന്നിൽ. ബാങ്ക് നിഫ്റ്റി നാലു ശതമാനം ഇടിഞ്ഞു.എസ്ബിഐ, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയവ ആറു ശതമാനം താഴ്ചയിലായി. ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ്, എൽ ആൻഡ് ടി ഫിനാൻസ്, എം ആൻഡ് എം ഫിനാൻസ് തുടങ്ങിയവ ഒൻപതു ശതമാനത്തോളം താണു. സ്വർണപ്പണയ കമ്പനികൾക്കും വലിയ ഇടിവുണ്ടായി.
ചൈന ബാങ്കുകളുടെ വായ്പാ വിതരണത്തിനു നിയന്ത്രണം കൊണ്ടുവന്നത് അലൂമിനിയം, ചെമ്പ് തുടങ്ങിയ വ്യാവസായിക ലോഹങ്ങൾക്കു വില താഴ്ത്തി.
ഓഹരികൾ തിരിച്ചു വാങ്ങുമെന്ന റിപ്പോർട്ടുണ്ടായിട്ടും ഇൻഫോസിസ് ടെക്നോളജീസിൻ്റെ ഓഹരി വില താണു.
മൾട്ടിപ്ളക്സ് കമ്പനികളുടെ ഓഹരി വിലകൾ എഴുശതമാനത്തോളം ഇടിഞ്ഞു. റെംഡെസിവിർ കയറ്റുമതി നിരോധിച്ചത് ചില ഔഷധ നിർമാണ കമ്പനികൾക്കു ക്ഷീണമായി. റഷ്യൻ വാക്സിന് അനുമതി കിട്ടുമെന്ന സൂചന ഡോ. റെഡ്ഡീസ് ലബോറട്ടറീസിൻ്റെ വില ഉയർത്തി.
ഡോളർ 75 രൂപയ്ക്കു മുകളിലായി. ഒരവസരത്തിൽ 75.13 രൂപയിലെത്തി ഡോളർ. രൂപ വരും ദിവസങ്ങളിലും താഴുമെന്നാണു സൂചന.
ലോകവിപണിയിൽ സ്വർണ വില 1739 ഡോളറിലേക്കു താണെങ്കിലും ഡോളർ നിരക്കു കൂടിയത് കേരളത്തിൽ സ്വർണ വില ഉയർത്തി. പവനു 120 രൂപ കൂടി 34,840 രൂപ ആയി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it