ഓഹരി വിപണി ഉയരത്തിൽ ചാഞ്ചാടുന്നു

ന്യായമായ ഉയർച്ചയോടെ തുടങ്ങി. വീണ്ടും ഉയർന്നു.

വിൽപന സമ്മർദത്തിൽ താഴോട്ടു നീങ്ങി. വീണ്ടും ഉയർന്നു. ഇന്നു രാവിലെ ഓഹരി വിപണിയുടെ ചാഞ്ചാട്ടം ഉയരങ്ങളിലായിരുന്നു.
റിലയൻസും എച്ച്ഡിഎഫ്സി ദ്വയങ്ങളുമാണ് പ്രമുഖ സൂചികകളെ താഴോട്ടു വലിച്ചത്. റിലയൻസിൻ്റെ ദൗർബല്യം താൽക്കാലികമാണെന്ന് അധികമാരും വിശ്വസിക്കുന്നില്ല. കമ്പനിയുടെ പ്രവർത്തനം പെട്ടെന്നു മെച്ചപ്പെടാനുള്ള സാധ്യത വിദേശ ബ്രോക്കറേജുകൾ കാണുന്നില്ല. ജിയോയുടെ ലാഭക്ഷമത അഞ്ചു വർഷത്തിനിടയിലെ ഏറ്റവും താണ നിലയിലായി. റീട്ടെയിൽ ഈ വർഷം രണ്ടാം പകുതിയിൽ മെച്ചപ്പെട്ടാൽ ഭാഗ്യം. ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കൽ അനിശ്ചിതമായി നീളുന്നു. ഓയിൽ ടു കെമിക്കൽസ് ബിസിനസിൽ സൗദി അരാംകോയ്ക്കു പങ്കു നൽകാനുള്ള ചർച്ച ഇതുവരെ ധാരണയിലായിട്ടില്ല. ആ ബിസിനസിൻ്റെ ലാഭക്ഷമത താഴോട്ടു പോവുകയും ചെയ്തു.
ആഗോള പഞ്ചസാര ഉൽപാദനം കുറവായി. ഇതു വിദേശത്തു വില കൂട്ടുകയും കയറ്റുമതി ഓർഡർ വർധിപ്പിക്കുകയും ചെയ്തു. പഞ്ചസാര കമ്പനികളുടെ ഓഹരി വില കുറേ ദിവസങ്ങളായി ഉയരുകയാണ്. പെട്രോളിൽ എഥനോൾ 20 ശതമാനം വരെയാകാമെന്ന കേന്ദ്ര തീരുമാനം എഥനോൾ ആവശ്യം കൂട്ടി. എഥനോൾ വിലയും കൂടി. എഥനോൾ ഉൽപാദനം ഉള്ള പഞ്ചസാരമില്ലുകൾക്ക് വില കൂടുതൽ ഉയർന്നു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്ക് ഇന്നു വില നല്ല തോതിൽ വർധിച്ചു. വാഹന ഓഹരികൾ ഇന്നും താഴോട്ടാണ് . മെറ്റൽ ഓഹരികൾ പൊതുവേ ഉയർന്നു.
ഡോളർ കൂടുതൽ ദുർബലമായി. 10 പൈസ താണ് 73.81 രൂപയിലായി ഡോളർ.
സ്വർണവില ഔൺസിന് 1790 ഡോളറായി. കേരളത്തിൽ പവന് 160 രൂപ വർധിച്ച് 35,360 രൂപയായി.
സർക്കാർ കടപ്പത്ര വില ഉയർന്നു.10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം (Yield) ആറു ശതമാനത്തിലേക്കു താണു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it