Begin typing your search above and press return to search.
താഴ്ചയിൽ നിന്നു കയറി സൂചികകൾ; 80 രൂപ കടന്നു ഡോളർ
രാവിലെ ഏഷ്യൻ രാജ്യങ്ങളുടെ ചുവടുപിടിച്ച് അര ശതമാനത്തോളം താഴ്ചയിലാണ് മുഖ്യ സൂചികകൾ വ്യാപാരം തുടങ്ങിയത്. എന്നാൽ പിന്നീടു നഷ്ടം കുറച്ചു സൂചികകൾ ചെറിയ നേട്ടത്തിലായി.
ഡോളർ തുടക്കത്തിൽ 80 രൂപ മറികടന്നിട്ടു പിന്നീടു റിസർവ് ബാങ്ക് ഇടപെട്ടപ്പോൾ താഴ്ന്നു. എങ്കിലും രൂപ ദൗർബല്യം തുടരുകയാണ്.
മെറ്റൽ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, വാഹന സൂചികകൾ തുടക്കം മുതലേ നേട്ടത്തിലായിരുന്നു. ഐടി, ബാങ്ക്, ധനകാര്യ, എഫ്എംസിജി സൂചികകൾ ആദ്യം നഷ്ടം കാണിച്ചു. ബാങ്ക്, ധനകാര്യ സൂചികകൾ പിന്നീടു നേട്ടത്തിലായി.
രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ തന്നെ 80 രൂപ മറികടന്നു ഡോളർ കുതിച്ചു. പിന്നീട് 80.06 രൂപയായി. മിനിറ്റുകൾക്കകം റിസർവ് ബാങ്ക് ഡോളർ വിൽപന തുടങ്ങിയപ്പോൾ 79.92 രൂപയിലേക്കു താഴ്ന്നു. താമസിയാതെ 79.95 രൂപയായി.
മന:ശാസ്ത്രപരമായ ഒരു നാഴികക്കല്ല് എന്നതാണ് 80- ൻ്റെ പ്രാധാന്യം. ഡോളറിൻ്റെ ഈ വർഷത്തെ അസാധാരണ കുതിപ്പിൻ്റെ പശ്ചാത്തലത്തിൽ ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല ഈ അതിരു കടക്കൽ.
രൂപയുടെ വിനിമയ നിരക്ക് ഈ വർഷം ഇതുവരെ എട്ടു ശതമാനം താഴ്ന്നു. ലോകത്തിലെ രണ്ടാമത്തെ ശക്തമായ കറൻസി എന്നു കണക്കാക്കി റിസർവ് കറൻസിയായി ഉപയോഗിക്കുന്ന യൂറോ 12 ശതമാനം ഇടിഞ്ഞ സ്ഥാനത്താണ് രൂപയുടെ എട്ടു ശതമാനം വീഴ്ച. എന്നാൽ പല വികസ്വര രാജ്യങ്ങളുടെയും കറൻസികൾ രൂപയേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്.
ഐപിഎൽ ടെക് ഇലക്ട്രിക് കമ്പനിയുടെ ഭൂരിപക്ഷ ഓഹരി വാങ്ങിയതിനെ തുടർന്ന് ട്യൂബ് ഇൻവെസ്റ്റ്മെൻ്റ്സ് ഓഹരിക്കു മൂന്നു ശതമാനത്തോളം വില വർധിച്ചു.
93 കോടി രൂപയുടെ ഓർഡർ ലഭിച്ചതിൻ്റെ പേരിൽ സൂര്യ റോഷ്നിയുടെ ഓഹരിവില നാലു ശതമാനം വരെ ഉയർന്നു.
ഫെഡറൽ ബാങ്ക് ഓഹരി 103 രൂപയ്ക്കു മുകളിലേക്കു കയറി. ബാങ്കിൻ്റെ ഓഹരി വില 25 ശതമാനത്തിലധികം നേട്ടം ഉണ്ടാക്കുമെന്ന് പല ബ്രോക്കറേജുകളും വിലയിരുത്തിയിട്ടുണ്ട്.
സ്വർണം ലോകവിപണിയിൽ 1710 ഡോളറിലേക്കു കയറി. രൂപയുടെ വിനിമയ നിരക്ക് താഴ്ന്നതു മൂലം കേരളത്തിൽ പവന് 80 രൂപ വർധിച്ച് 37,040 രൂപയായി.
Next Story
Videos