ബുള്ളുകൾ പിടിമുറുക്കുന്നു

തുടർച്ചയായ മൂന്നാം ദിവസവും ബുള്ളുകൾ വിപണിയുടെ നിയന്ത്രണം പിടിയിലാക്കി. ഇന്നും ഉണർവോടെ തുടങ്ങിയ വിപണി ക്രമേണ നേട്ടം വർധിപ്പിച്ചു. സെൻസെക്സ് വീണ്ടും 49,000 നു മുകളിലായി.

മിക്ക ഏഷ്യൻ സൂചികകളും താഴോട്ടു പോയതു നിഫ്റ്റിയെയും സെൻസെക്സിനെയും ബാധിച്ചില്ല. വാഹന ഓഹരികളാണ് ഇന്നു തുടക്കത്തിൽ വലിയ നേട്ടമുണ്ടാക്കിയത്. ധനകാര്യ കമ്പനികളും ബാങ്കുകളും മുന്നേറി. കുറേ ദിവസം കുതിപ്പിനു നേതൃത്വം നൽകിയ മെറ്റൽ ഓഹരികൾ ഇന്നു പിന്നിലായി.
ഈ ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം മാത്രമേ വളരൂ എന്ന് ഐഎച്ച്എസ് മാർകിറ്റ് വിലയിരുത്തി.ഇതാദ്യമാണ് ഒരു ഏജൻസി 10 ശതമാനത്തിൽ താഴെ വളർച്ച പ്രവചിക്കുന്നത്. ഇതേ സമയം ഇന്ത്യ 11 ശതമാനം വളരുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി) വിലയിരുത്തി. മാർച്ച് അവസാനം വരെയുള്ള വിവരങ്ങൾ വച്ചാണ് പ്രവചനം. കോവിഡ് തീവ്ര വ്യാപനം നിഗമനത്തിൽ മാറ്റം വരുത്തിയേക്കാമെന്നു ബാങ്ക് മുന്നറിയിപ്പ് നൽകി.
റിലയൻസ് ഇൻഡസ്ട്രീസ് ഒരാഴ്ചയായി തുടർച്ചയായ കയറ്റത്തിലാണ്. പത്തു ദിവസം കൊണ്ട് ഓഹരി വില അഞ്ചു ശതമാനം കൂടി. വിദേശ നിക്ഷേപകർ ഓഹരി വലിയ തോതിൽ വിൽക്കുന്നുണ്ട്. നേരത്തേ റിലയൻസ് വാങ്ങാൻ മടിച്ചിരുന്ന സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും ഇപ്പോൾ താൽപര്യം വർധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യാ ബുൾസിനെതിരേ ചില കേസുകൾ ഉണ്ടായെങ്കിലും ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഉയരുകയാണ്.
സ്വർണം വിദേശത്ത് ഔൺസിന് 1771 ഡോളറിലെത്തി. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയായി.
ഡോളർ ഇന്നും ദുർബലമായി. 21 പൈസ താണ് 74.44 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it