വിൽപന സമ്മർദത്തിൽ സൂചികകൾ; വിദേശികൾ വിൽക്കുന്നു, കാരണം ഇതാണ്

വിദേശ ഫണ്ടുകളുടെ വിൽപനയും ബാങ്ക് മേഖലയിലെ ആശങ്കകളും ഓഹരി വിപണിയെ വലിച്ചു താഴ്ത്താൻ ശ്രമിക്കുന്നതാണ് ഇന്നു രാവിലെ കണ്ടത്. കോവിഡ് വ്യാപനം കൂടുതൽ തീവ്രമായതു ചെറുകിട-ഇടത്തരം കമ്പനികളെ ദോഷകരമായി ബാധിക്കുമെന്നും അതു ബാങ്കുകളുടെ കിട്ടാക്കടങ്ങൾ വർധിപ്പിക്കുമെന്നും വിപണി ഭയപ്പെടുന്നു. ചാഞ്ചാട്ടത്തോടെ തുടങ്ങിയ വിപണി ആദ്യ 45 മിനിറ്റ് നേട്ടത്തിൽ നിന്നെങ്കിലും പിന്നീടു നഷ്ടത്തിലേക്കു മാറി. ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തോളം താഴ്‌ന്നു. മിഡ് ക്യാപ് ഓഹരികളിലും വലിയ വിൽപ്പന സമ്മർദം ഉണ്ടായി.

മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ച ഇൻഫോസിസ്, ടിസിഎസ് ഓഹരികൾ ഒരു ശതമാനത്തിലധികം ഉയർന്നു. എന്നാൽ പ്രതീക്ഷയിലും മോശമായ വിപ്രോ ഓഹരി അഞ്ചു ശതമാനത്തിലധികം താണു. റിസൽട്ട് പ്രസിദ്ധീകരിക്കാനിരിക്കുന്ന മൈൻഡ് ട്രീ, ടെക് മഹീന്ദ്ര, ടാറ്റാ എൽക്സി തുടങ്ങിയവ ഉയർന്നു.
ഒരു മാസം കൊണ്ട് 50 ശതമാനം ഉയർന്ന കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി ഇന്നു രാവിലെ മൂന്നു ശതമാനത്തിലധികം കയറി.
ജെഎൽആർ വാഹനങ്ങളുടെ വിൽപന കുറഞ്ഞത് ടാറ്റാ മോട്ടോഴ്സിൻ്റെ ഓഹരി വില ഇടിച്ചു.
സ്റ്റീൽ അടക്കം വ്യാവസായിക ലോഹങ്ങളുടെ ലഭ്യത ലോകവിപണിയിൽ കുറഞ്ഞത് സ്റ്റീൽ - മെറ്റൽ ഓഹരികൾക്കു നേട്ടമായി. ടാറ്റാ സ്റ്റീൽ, സെയിൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ജെഎസ്പിഎൽ, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയവ ഉയർന്നു. ചൈനയിൽ ലോഹ ഉൽപാദനം ഗണ്യമായി കുറയും. ഇത് ഇന്ത്യൻ കമ്പനികൾക്കു നേട്ടമാകും.
സ്വർണം ലോകവിപണിയിൽ 1827 ഡോളറിലേക്കു കയറി. കേരളത്തിൽ പവനു 160 രൂപ കൂടി 36,000 രൂപയായി.
ഡോളർ ഒരു പൈസ നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്.
T C Mathew
T C Mathew  

Related Articles

Next Story
Share it