ആശ്വാസറാലി തുടക്കത്തിന് കരുത്ത് കുറവ്; രൂപയ്ക്കു നേട്ടം

വിപണിയില്‍ ആശ്വാസറാലി വന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. നിഫ്റ്റി തുടക്കത്തിലേ 16,000 കടക്കുമെന്നു കരുതിയെങ്കിലും വൈകിയാണ് അതുണ്ടായത്. താമസിയാതെ താഴോട്ട് പോവുകയും ചെയ്തു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യസൂചികകള്‍ രാവിലത്തെ നേട്ടത്തിന്റെ പകുതി നഷ്ടപ്പെടുത്തിയിരുന്നു. നിഫ്റ്റി 15,900 നും സെന്‍സെക്‌സ് 53,200-നും താഴെയെത്തി. പിന്നീടു ചാഞ്ചാട്ടമായി.

രാവിലെ നല്ല നേട്ടത്തിലായിരുന്ന ബാങ്ക് നിഫ്റ്റി പിന്നീട് കുറേ താഴോട്ടു നീങ്ങി. മികച്ച പാദഫലത്തെ തുടര്‍ന്നു ടാറ്റാ മോട്ടോഴ്‌സ് ഓഹരി എട്ടു ശതമാനത്തോളം കുതിച്ചു. കമ്പനിയുടെ ജെഎല്‍ആര്‍ യൂണിറ്റ് ലാഭ മാര്‍ജിന്‍ 12 ശതമാനമായി ഉയര്‍ത്തി. ഏറെ ദിവസങ്ങള്‍ക്കു ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്നു നേട്ടത്തിലായി. രാവിലെ തന്നെ റിലയന്‍സ് രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു.
നാലാംപാദ ഫലം ഇന്നു പുറത്തുവിടാനിരിക്കെ എസ്ബിഐ ഓഹരി നല്ല ഉയര്‍ച്ച കാണിച്ചു. നാലാംപാദത്തില്‍ ലാഭ മാര്‍ജിന്‍ ഉയര്‍ത്തിയതു ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ ഓഹരി വില അല്‍പ്പം മെച്ചപ്പെടുത്തി.
ആര്‍ബിഎല്‍ ബാങ്ക് അറ്റാദായം ഇരട്ടിപ്പിക്കുകയും അറ്റ പലിശ വരുമാനം 25 ശതമാനം കൂട്ടുകയും ചെയ്തു. ഓഹരിവില എട്ടു ശതമാനത്തോളം കയറി. ലാഭവും ലാഭമാര്‍ജിനും കുത്തനെ കുറഞ്ഞതു ഹണിവെല്‍ ഓഹരിയെ ആറു ശതമാനത്തോളം താഴ്ത്തി.എംഎസ്‌സിഐ ഇന്ത്യ ലാര്‍ജ് ക്യാപ് ഇന്‍ഡെക്‌സില്‍ പെടുത്തിയത് അദാനി പവര്‍, ജെഎസ്പിഎല്‍, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ടാറ്റാ എക്‌സി തുടങ്ങിയവയുടെ വില ഗണ്യമായി കൂട്ടി.നാലാംപാദ ഫലത്തെ തുടര്‍ന്നു രാവിലെ നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ അപ്പോളോ ടയേഴ്‌സ് ഓഹരി പിന്നീടു നഷ്ടത്തിലായി.
ഡോളര്‍ ഇന്ന് ആറു പൈസ നഷ്ടത്തില്‍ 77.36 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീടു 77.28 രൂപയിലേക്കു താണു. സ്വര്‍ണം ലോകവിപണിയില്‍ 1825 ഡോളറിലാണ്. കേരളത്തില്‍ ഇന്നു പവന് 600 രൂപ കുറഞ്ഞ് 37,160 രൂപയായി. ഈ മാസത്തെ താഴ്ന്ന നിലയാണത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it