Begin typing your search above and press return to search.
റിക്കാർഡുകൾ തകർത്തു മുന്നേറ്റം

സെൻസെക്സ് 52,000 കടന്നു. നിഫ്റ്റി 15, 300 ഉം. ബുള്ളിഷ് ആവേശ ലഹരിയിൽ വിപണി കുതിച്ചു ചാടുകയാണ്. ബാങ്കുകളും ധനകാര്യ കമ്പനികളും ഈ കുതിപ്പിനു മുന്നിൽ നിന്നു. മുഖ്യ സൂചികകൾ മുക്കാൽ ശതമാനം ഉയർന്നപ്പോൾ ബാങ്ക്, ഫിനാൻഷ്യൽ സൂചികകൾ ഒന്നര ശതമാനത്തിലേറെ ഉയർന്നു. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി പ്രശ്നം മുമ്പേ കരുതിയതിലും ചെറുതാണെന്ന സൂചനയാണു ബാങ്കുകളെ സഹായിച്ചത്.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയവ ഉയർച്ചയിൽ മുന്നിൽ നിന്നു.
മിഡ് ക്യാപ് ഓഹരികളും നല്ല കയറ്റത്തിലാണ്.
ഡിജിറ്റൽ ബിസിനസ് പ്രത്യേക ഉപകമ്പനിയാക്കി മാറ്റാൻ ശ്രമിക്കുന്നതായ റിപ്പാേർട്ടുകൾ ഭാരതി എയർടെലിൻ്റെ വില മൂന്നു ശതമാനത്തോളം കയറ്റി.
ചോളമണ്ഡലം ഇൻവെസ്റ്റ്മെൻ്റ് ആൻഡ് ഫിനാൻസിൻ്റെ മൂന്നാം പാദ ലാഭം പ്രതീക്ഷയിലും കുറവായെങ്കിലും ഓഹരി വില 12 ശതമാനം കയറി. വാഹന വിപണിയുടെ ഉണർവിൽ മദർസൺ സുമി ഓഹരി ഏഴു ശതമാനം ഉയർന്നു. ഇന്ത്യ ബുൾസ് ഹൗസിംഗിനെ മോർഗൻ സ്റ്റാൻലി തരം താഴ്ത്തിയതിനെ തുടർന്ന് ഓഹരി വില കുത്തനെ താണു.
ക്രൂഡ് ഓയിൽ വില നല്ല കയറ്റത്തിലാണ്. ബ്രെൻ്റ് ഇനം 63.68 ഡോളർ വരെ കയറിയിട്ട് അൽപം താണു. യൂറോപ്പിലും അമേരിക്കയിലും ലോക്ക് ഡൗണുകൾ മാറുന്നതും യുഎസ് ഉൽപാദനം കുറയുന്നതും വിലക്കയറ്റത്തിനു പ്രേരണയായി. രാജ്യത്തെ വിലക്കയറ്റത്തോത് കൂട്ടാവുന്ന വിധം ഇന്ധനങ്ങളുടെ ചില്ലറ വില ദിവസേന വർധിപ്പിക്കുന്നുണ്ട്.
ഡോളർ ഇന്നു ദുർബലമായി. 14 പൈസ താണ് 72.61 രൂപയിലാണു ഡോളർ ഓപ്പൺ ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണു രൂപ.
വിലക്കയറ്റവും പലിശയും കൂടുമെന്ന വിലയിരുത്തലിൽ കടപ്പത്രങ്ങൾക്കു വില താണു. വരുമാനം (Yield) ആറു ശതമാനം കിട്ടത്തക്കവിധമായി വില. വരുമാനം ആറു ശതമാനത്തിൽ താഴെയാക്കാൻ കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് പരിശ്രമിച്ചിരുന്നു.'
Next Story