ഓഹരി വിപണി സാവധാനം ഉയർന്നു, പിന്നെ ചാഞ്ചാട്ടം

ചെറിയ താഴ്ചയോടെ തുടങ്ങിയിട്ടു ക്രമമായി ഉയർന്നു. ഇന്നത്തെ ഓഹരി വിപണി സാവധാനം ഉയരുന്ന പ്രവണതയാണു തുടക്കത്തിൽ കാണിച്ചത്. എങ്കിലും ഉയരങ്ങളിലെ വില്പന സമ്മർദത്തിൽ സൂചികകൾ ചാഞ്ചാടി.

ബാങ്ക് ഓഹരികൾ ഇന്നു നല്ല നേട്ടം കുറിച്ചു. ധനകാര്യ കമ്പനികളിലും താൽപര്യം കൂടി.
ധനലക്ഷ്മി ബാങ്ക് ഓഹരി രാവിലെ 10.5 ശതമാനം ഉയർന്ന് 17.6 രൂപയിലെത്തി. കേരളത്തിൽ നിന്നുള്ള മറ്റു ബാങ്കുകൾക്കും വില കൂടി.
സിമൻ്റ് ഉപയോഗം വർധിക്കുന്നതും പല മേഖലകളിലും സിമൻറ് വില വർധിക്കുന്നതും സിമൻറ് ഓഹരികൾക്കു വില കൂട്ടി. അംബുജ, ജെകെ ലക്ഷ്മി തുടങ്ങിയവ സർവകാല റിക്കാർഡ് വിലയിലായി.
വണ്ടർലാ ഹോളിഡെയ്സ് ഓഹരിയുടെ വില ഇന്ന് പതിനൊന്നു ശതമാനത്തിലധികം കയറി. ബംഗളൂരുവിലെ യൂണിറ്റ് മാസങ്ങൾക്കു ശേഷം ഇന്നലെ പ്രവർത്തനം പുനരാരംഭിച്ചു. രണ്ടു ദിവസം കൊണ്ട് ഓഹരി വില 19 ശതമാനം ഉയർന്നു.
അഡാനി ഗ്രൂപ്പിലെ മൂന്നു പവർ കമ്പനികളുടെയും വില താണത് പവർ സെക്റ്റർ സൂചിക ഒരു ശതമാനത്തിലധികം താഴ്ത്തി. അഡാനി ഗ്രൂപ്പിലെ മുഖ്യ കമ്പനി അഡാനി എൻറർപ്രൈസസ് ഇന്ന് ഉയർന്നു.
ഒപെക് യോഗത്തിനു തീയതി നിശ്ചയിക്കാൻ പോലും പറ്റാത്ത വിധം സൗദി- യു എ ഇ തർക്കം രൂക്ഷമായി. ഓഗസ്റ്റിലെ ക്രൂഡ് ലഭ്യത വർധിക്കില്ലെന്ന് വിപണി കരുതുന്നു. ഉപയോഗം വർധിക്കുന്ന അവസരത്തിൽ ലഭ്യത വർധിക്കാതിരിക്കുന്ന സാഹചര്യം ആണു വിലക്കയറ്റത്തിലേക്കു നയിച്ചത്. ബ്രെൻറ് ഇനം ക്രൂഡ് ഇന്നു രാവിലെ 77.74 ഡോളർ വരെ കയറി.
സ്വർണവില വീണ്ടും കയറുകയാണ്. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ സ്വർണം 1799.5 ഡോളറിലെത്തി. കേരളത്തിൽ പവന് 80 രൂപ കയറി 35,520 രൂപ ആയി.
ഡോളർ വീണ്ടും താണു. നാലു പൈസ താണ് 74.26 രൂപയിലാണ് ഡോളർ വ്യാരം തുടങ്ങിയത്. പിന്നീടു 74.24 രൂപയിലേക്കു താണു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it