Begin typing your search above and press return to search.
ആവേശത്തിൻ്റെ തേരോട്ടം; ബാങ്കുകൾ കുതിച്ചു
കടിഞ്ഞാണില്ലാത്ത ആവേശത്തിൻ്റെ തേരോട്ടമാണ് ഓഹരി വിപണിയിൽ രാവിലെ കണ്ടത്. നല്ല ഉയരത്തിൽ വ്യാപാരം തുടങ്ങിയ വിപണി വീണ്ടും ഉയർന്നു. പിന്നീടു താണു. സെൻസെക്സ് 57,918.71 വരെ ഉയർന്നിട്ടാണ് താണത്. നിഫ്റ്റി ഒരവസരത്തിൽ 17,225.75 വരെ ഉയർന്നു.
സ്റ്റീൽ, മെറ്റൽ ഓഹരികൾ തുടക്കത്തിൽ താഴ്ചയിലായിരുന്നു. ലാഭമെടുക്കലാണു പ്രധാന കാരണം. ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയവയ്ക്കു കാര്യമായ താഴ്ചയുണ്ടായി.
ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, വിപ്രോ, മൈൻഡ് ട്രീ തുടങ്ങിയ ഐടി ഓഹരികളും രാവിലെ താണു. ഫാർമ കമ്പനികൾക്കും ചെറിയ ക്ഷീണമുണ്ട്.
ബാങ്കുകൾ പൊതുവേ ഉയർന്നു. ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കേരളത്തിൽ നിന്നുള്ള നാലു ഷെഡ്യൂൾഡ് ബാങ്കുകൾക്കും ഒന്നര മുതൽ മൂന്നു വരെ ശതമാനം വില കയറി.
മാരുതി, മഹീന്ദ്ര തുടങ്ങിയ വാഹന ഓഹരികളും ഇടിവിലാണ്. മാരുതിയുടെ ഉത്പാദനം ഈ മാസം 60 ശതമാനം കുറയുമെന്ന റിപ്പോർട്ട് ഓഹരി വില 1.4 ശതമാനത്തോളം താഴ്ത്തി.
ടോപ് മാനേജ്മെൻ്റ് ടീമിലെ കൊഴിച്ചിലിനെ തുടർന്നു കഴിഞ്ഞ ദിവസം 13 ശതമാനത്തോളം ഇടിഞ്ഞ എയു സ്മോൾ ഫിനാൻസ് ബാങ്ക് ഇന്നു രണ്ടു ശതമാനത്താേളം കയറി.
സ്വർണ വില രാജ്യാന്തര വിപണിയിൽ 1814-1815 ഡോളർ മേഖലയിൽ തുടർന്നു. കേരളത്തിൽ പവൻ വിലയിൽ മാറ്റമില്ല.
ഡോളർ വീണ്ടും താണു. 72.95 രൂപയിലാണു വ്യാപാരം. ഇന്നലെ 73.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചതാണ്.
വിജയ ഡയഗ്നോസ്റ്റിക്, ആമി ഓർഗാനിക് സ് എന്നിവയുടെ ഐപിഒകൾ ഇന്നു തുടങ്ങി
Next Story
Videos