Begin typing your search above and press return to search.
എൽഐസി തുടക്കം നഷ്ടത്തിൽ; ഓഹരി വിപണി കയറ്റത്തിൽ
ചെറിയ നേട്ടത്തിൽ തുടങ്ങി. പിന്നീടു ഗണ്യമായി ഉയർന്നു. ഇന്ത്യൻ ഓഹരി വിപണി ഇന്നു മറ്റ് ഏഷ്യൻ വിപണികളെ പിന്തുടർന്ന് ഉയർച്ചയിലായി. പിന്നീടു വിപണി ചാഞ്ചാടി.
949 രൂപയ്ക്ക് ഇഷ്യു നടത്തിയ എൽഐസി ഓഹരി എൻഎസ്ഇ യിലെ പ്രീ ഓപ്പണിൽ 872 രൂപയിൽ എത്തി. ഇഷ്യു വിലയിൽ നിന്ന് 8.11 ശതമാനം കുറവാണത്. 865 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീടു 918 രൂപ വരെ കയറിയിട്ട് താണു.
ഡോളർ ഇന്ന് 25 പൈസ നേട്ടത്തിൽ 77.69 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 77.83 രൂപയിലേക്കു കയറി. ഡോളറിൻ്റെ ഏറ്റവും ഉയർന്ന നിരക്കാണിത്. രൂപയെ പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ലോഹങ്ങളുടെ വിലവർധന ഹിൻഡാൽകോ, വേദാന്ത, നാൽകോ, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, സെയിൽ തുടങ്ങിയവയുടെ ഓഹരിവില കയറി.
ക്രൂഡ് ഓയിൽ വില ഉയർന്നത് ഒഎൻജിസി, ഓയിൽ, എംആർപിഎൽ തുടങ്ങിയവയെ സഹായിച്ചു. റിലയൻസും നേട്ടത്തിലായി.
ഫിനോ പേമെൻ്റ്സ് ബാങ്കിൻ്റെ നാലാം പാദ ലാഭവും ലാഭമാർജിനും മെച്ചപ്പെട്ടതിനെ തുടർന്ന് ഓഹരിവില ആറു ശതമാനത്തോളം ഉയർന്നു.
റെയ്മണ്ട്സിൻ്റെ നാലാം പാദ റിസൽട്ട് വരുമാനവും ലാഭ മാർജിനും ഉയർന്നതായി കാണിച്ചു. ഓഹരിവില ഏഴു ശതമാനത്തോളം കയറി.
കടപ്പത്ര വിലകൾ വീണ്ടും താണു. 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 7.31 ശതമാനമായി ഉയർന്നു.
സ്വർണം അന്താരാഷ്ട്ര വിപണിയിൽ 1822 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 240 രൂപ വർധിച്ച് 37,240 രൂപയായി.
Next Story
Videos