റിക്കാർഡുകൾ തേടി സൂചികകൾ

ഏഷ്യൻ വിപണികളിലെ ചാഞ്ചാട്ടവും ലാഭമെടുക്കലും ഇന്നു രാവിലെ ഇന്ത്യൻ വിപണിയെ ബാധിച്ചില്ല. ബുള്ളുകൾ പിടിമുറുക്കിയ വിപണി പുതിയ ഉയരങ്ങൾ തേടുകയാണ്.
ഡോളർ വിനിമയ നിരക്ക് വീണ്ടും അര ശതമാനത്തിലേറെ കുറഞ്ഞതോടെ ഡോളർ 74 രൂപയ്ക്കു താഴെയായി. ഇറക്കുമതിക്കാർക്കു സന്തോഷകരമാണിത്. എന്നാൽ ഐ ടി കമ്പനികൾക്ക് വരുമാനം കുറയും. ഐ ടി ഓഹരികൾക്കു രാവിലെ ക്ഷീണമാണ്.
ക്രൂഡ് ഓയിൽ വില താഴോട്ടാണ്. ബ്രെൻ്റ് ഇനം 40 ഡോളറിനു താഴെയായി. സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്ക് വില കുറച്ച് ക്രൂഡ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ചൈന ഒക് ടോബറിൽ ക്രൂഡ് ഇറക്കുമതി കുറച്ചു. ക്രൂഡ് വില വീണ്ടും താഴാൻ ഇതിടയാക്കും. ക്രൂഡ് വില താഴുമ്പോൾ സ്വാഭാവിക റബറിൻ്റെ വിലയും താഴും.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് റിലയൻസ് റീട്ടെയിലിൽ 9555 കോടി രൂപ നിക്ഷേപിച്ച വാർത്ത വന്നതോടെ റിലയൻസ് ഓഹരി വില രണ്ടു ശതമാനത്തിലേറെ ഉയർന്നു.
ബാങ്ക് ഓഹരികൾക്കു മുൻ ദിവസങ്ങളിൽ കാണപ്പെട്ട താൽപര്യം ഇന്നു രാവിലെ കണ്ടില്ല. എച്ച് ഡി എഫ് സി ബാങ്ക് മാത്രമാണ് അപവാദം.