സൂചികകൾ ഉയരത്തിലേക്ക്; ബാങ്കുകൾക്കു ക്ഷീണം

മറ്റ് ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണിയും ഉണർവോടെ വ്യാപാരം തുടങ്ങി. സെൻസെക്സ് 51,484-ൽ തുടങ്ങിയിട്ട് 51,606 വരെ കയറി. 51,377 വരെ താഴുകയും ചെയ്തു. ഒരു മണിക്കൂറിനു ശേഷം 51,500നു മുകളിലാണ് സെൻസെക്സ്. 15,164 ൽ തുടങ്ങിയ നിഫ്റ്റി 15,133-നും 15,202 നുമിടയിൽ ചാഞ്ചാടി.


ബാങ്ക് ഓഹരികൾ താഴോട്ടു നീങ്ങുന്നതാണ് ഇന്നു രാവിലെ കണ്ടത്. റിസർവ് ബാങ്ക് നടപടികളാണു ബാങ്കുകൾക്കു പ്രശ്നമായത്. പലിശ താഴ്ത്തി നിർത്താൻ റിസർവ് ബാങ്ക് ആഗ്രഹിക്കുന്നു. ഒപ്പം ഗവണ്മെൻ്റിനു കൂടുതൽ തുക കടമെടുക്കുകയും വേണം. അതാണു പ്രശ്നം.


കഴിഞ്ഞ വെള്ളിയാഴ്ചത്തെ കടപ്പത്രലേലത്തിൽ രണ്ടു കടപ്പത്രങ്ങൾ വിറ്റുപോയില്ല. ബാങ്കുകൾ പറഞ്ഞ വില റിസർവ് ബാങ്കിനു സ്വീകാര്യമായില്ല. തുടർന്നു നാളെ 20,000 കോടി രൂപയുടെ കടപ്പത്രം തിരിച്ചു വാങ്ങാമെന്നു റിസർവ് ബാങ്ക് അറിയിച്ചു. ഇതു ബാങ്കുകൾക്ക് ഇഷ്ടപ്പെട്ടു.

എന്നാൽ പിന്നാലെ വ്യാഴാഴ്ച 26,000 കോടിയുടെ കടപ്പത്ര വിൽപന പ്രഖ്യാപിച്ചതു ബാങ്കുകൾക്കു നല്ലതല്ല. കുറഞ്ഞ വരുമാനം കിട്ടുന്ന രീതിയിൽ പണം നിക്ഷേപിക്കേണ്ട നിലയിലാണു ബാങ്കുകൾ.അതാണു ബാങ്ക് ഓഹരികളെ താഴോട്ടു വലിക്കുന്നത്.

ക്രൂഡ് ഓയിൽ വില 61 ഡോളർ കടന്നു. ഇനിയും ഉയരുമെന്നാണു സൂചന. ഒഎൻജിസി, ഓയിൽ ഇന്ത്യ ഓഹരികൾക്കു വില കൂടി.റിലയൻസിനും വില വർധിച്ചു.

റിലയൻസുമായുള്ള ഇടപാട് മുന്നോട്ടു കൊണ്ടുപോകാൻ വഴിതെളിഞ്ഞത് ഫ്യൂച്ചർ റീട്ടെയിലിൻ്റെ വില ഉയർത്തി.

എൻഎംഡിസി ഇരുമ്പയിരിനു വില കുറച്ചു. സ്റ്റീൽ കമ്പനികൾക്കു നല്ല വാർത്തയാണിത്. എൻഎംഡിസി ഓഹരിക്കു വില താണു.

വോഡഫോൺ നികുതി കേസിൽ സിംഗപ്പുരിൽ അപ്പീൽ നൽകിയ ഇന്ത്യ കയേൺ കേസിൽ നെതർലൻഡ്സിൽ അപ്പീൽ നൽകാൻ നടപടി തുടങ്ങി. പൂർവകാല പ്രാബല്യത്തോടെ നികുതി നിയമം മാറ്റിയ ഇന്ത്യൻ നടപടി രണ്ടു കേസിലും നിരാകരിക്കപ്പെട്ടിരുന്നു.

സ്വർണത്തിനു ലോക വിപണിയിൽ വില ഉയർന്നു.1842 ഡോളറിലെത്തി ഒരൗൺസ് സ്വർണത്തിൻ്റെ വില. കേരളത്തിൽ പവന് 480രൂപ കൂടി 35,720 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it