ഉണർവോടെ വിപണി

18 വയസിനു മുകളിലുള്ളവർക്കു മേയിൽ കോവിഡ് വാക്സിൻ നൽകുമെന്ന പ്രഖ്യാപനത്തിൻ്റെ വെളിച്ചത്തിൽ ഓഹരി വിപണി വലിയ കയറ്റത്തിനു ശ്രമിക്കുകയാണ്. രാവിലെ സെൻസെക്സ് 500 പോയിൻറ് ഉയർന്നു വ്യാപാരം തുടങ്ങി. പിന്നീടു കുറേ താണെങ്കിലും 300-ലേറെ പോയിൻ്റ് ഉയർന്നാണ് ഒരു മണിക്കൂറിനു ശേഷം വിപണി നിന്നത്.

ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു നേട്ടം കാണിച്ചു. സ്വകാര്യ ബാങ്കുകൾ നല്ല ഉയർച്ച കാണിച്ചപ്പോൾ പൊതുമേഖലാ ബാങ്കുകൾക്ക് അത്ര നേട്ടമുണ്ടായില്ല. വാഹന, ഫാർമ ഓഹരികൾക്കും നേട്ടമുണ്ടായി.
കോവിഡിൻ്റെ രണ്ടാം വ്യാപനം തടയാൻ പ്രഖ്യാപിച്ച നടപടികൾ ഫലപ്രദമായി വരാൻ കാലതാമസം ഉണ്ടാകും. ആശുപത്രി സൗകര്യങ്ങൾ മതിയായത്ര ഇല്ല. പ്രഖ്യാപനങ്ങൾ പോലെ ഓക്സിജൻ ലഭ്യത വർധിക്കുന്നില്ല. ഇന്ത്യയിൽ തീവ്ര വേഗത്തിൽ രോഗം പടരുന്നത് ഇരട്ട ജനിതകമാറ്റം വന്ന വൈറസ് മൂലമാണെന്നും ഇപ്പോഴത്തെ വാക്സിനുകൾ ഇതിനെതിരേ ഫലിക്കുന്നതല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.പക്ഷേ വിപണി അവയെല്ലാം അവഗണിക്കുകയാണ്. വാക്സിൻ ഉള്ളതുകൊണ്ടു പ്രശ്നം തീർന്നു എന്നാണു നിക്ഷേപ ഉപദേഷ്ടാക്കൾ പറയുന്നത്.
സ്വാഭാവിക റബറിനു വില താണതു ടയർ കമ്പനികളുടെ വില വർധിപ്പിച്ചു. സിയറ്റും ജെ കെ ടയേഴ്സുമാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഡോളർ ഇന്ന് അല്പം താണു.ലോക വിനിമയ വിപണിയിൽ ഡോളർ സൂചിക 91 - ൽ താഴെയായി. 74.74 രൂപയിലേക്കു ഡോളർ താണു.
ലോകവിപണിയിൽ സ്വർണം ഔൺസിന് 1773 ഡോളറായി. കേരളത്തിൽ പവന് 80 രൂപതാണ് 35,320 രൂപയായി.
ക്രൂഡ് ഓയിൽ വില കൂടുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 67.76 ഡോളറിലെത്തി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it