ഓഹരി സൂചികകൾ കുതിച്ചുയരുന്നു, അദാനി കമ്പനികളുടെ ഓഹരി വിലകൾ ചാഞ്ചാട്ടത്തിൽ

ബുള്ളുകൾ പിടി മുറുക്കുന്ന വിപണിയിൽ തിരുത്തലിനു നിൽക്കാതെ സൂചികകൾ കുതിച്ചുയരുന്നു. ഇന്നലെ രാവിലെ പ്രീ ഓപ്പണിംഗിൽ മുതൽ ഉയർച്ചയായിരുന്നു. തുടക്കത്തിൽ തന്നെ 15,850-നു മുകളിലെത്തിയ നിഫ്റ്റി പിന്നീട് പടിപടിയായി കയറി. സെൻസെക്സ് 52,800 നു മുകളിൽ നിലയുറപ്പിച്ചു.

ബാങ്ക് ഓഹരികൾ ഇന്നു രാവിലെ നല്ല നേട്ടമുണ്ടാക്കി.
തിങ്കളാഴ്ച അഞ്ചു ശതമാനത്തിലേറെ താഴോട്ടു പോയ അഡാനി ഗ്രൂപ്പ് കമ്പനികൾ ഇന്നു ചാഞ്ചാട്ടത്തിലാണ്.. കൂടുതൽ റീട്ടെയിൽ നിക്ഷേപകരുളള അഡാനി പോർട്സ്, അഡാനി ഗ്രീൻ, അഡാനി പവർ എന്നിവയുടെ ഓഹരി വില വീണ്ടും താണു. ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അഡാനി എൻ്റർപ്രൈസസിൻ്റെ ഓഹരി വില ആദ്യം കൂടിയിട്ട് പിന്നീടു താണു.
ഗ്രൂപ് കമ്പനികളിൽ 70- 75 ശതമാനം ഓഹരി പ്രൊമോട്ടർമാർക്കാണ്. ശരാശരി 20 ശതമാനം മൗറീഷ്യസിൽ നിന്നും മറ്റുമുള്ള കമ്പനികളുടേതാണ്. മൗറീഷ്യസ് ഫണ്ടുകളുടെ യഥാർഥ ഗുണഭോക്താക്കൾ ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ല.ഇതേപ്പറ്റി സെബി കഴിഞ്ഞ വർഷം ആരംഭിച്ച അന്വേഷണമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്കു നയിച്ചത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം അഡാനി ഗ്രൂപ്പ് ഇറക്കിയ പ്രസ്താവനയ്ക്കപ്പുറം വിഷയത്തിൽ പുതിയ കാര്യങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
ചില്ലറ വിലക്കയറ്റം ആറു ശതമാനം കടന്നതിൻ്റെ പേരിൽ ഉടനെ പലിശ നിരക്കു കൂട്ടാൻ റിസർവ് ബാങ്ക് ശ്രമിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൻ്റെ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് ആദ്യമാണ് ഇനി റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി ചേരുക. അന്നു പലിശ കൂട്ടൽ ആലോചിക്കില്ല.എന്നാൽ അടുത്ത ജനുവരി-മാർച്ച് പാദത്തിൽ പലിശ വർധന ആലോചിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിലക്കയറ്റം കൂടിയ പശ്ചാത്തലത്തിൽ ഇന്നു കടപ്പത്ര വിലകൾ താണു; 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം (yield) 6.04 ശതമാനത്തിലേക്കു കൂടി. ഇന്നലെ 6.01 ശതമാനമായിരുന്നു. ഏപ്രിൽ 30-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപ നേട്ടമാണ് ഇന്നത്തേത്.
ഇന്നലെ താഴോട്ടു പോയ ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ഭെൽ) ഇന്നു തിരിച്ചു കയറി.
കേരളം ആസ്ഥാനമായുള്ള നാലു ബാങ്കുകളുടെയും ഓഹരി വിലകൾ രാവിലെ ഉയർന്നു.
രൂപ ഇന്നു നേട്ടമുണ്ടാക്കി. 9 പൈസ താണ് 73.20 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 73.19 രൂപയിലേക്കു താണു.
ലോക വിപണിയിൽ സ്വർണം ഇന്നു രാവിലെ 1863 ഡോളറിലേക്കു താണിട്ട് 1866 -ലേക്കു കയറി. കേരളത്തിൽ പവൻ വില 36,400 രൂപയിൽ തുടർന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it